
ഒസാക്ക: ജപ്പാനിലെ ഒസാക്കയില്‍ ജി 20 ഉച്ചകോടിക്ക് തുടക്കമായി. സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കൽ എന്നിവയാണ് ജി 20 ഉച്ചകോടിയിലെ പ്രധാന അജണ്ട. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്രമോദിയുടേത് വലിയ തെരഞ്ഞെടുപ്പ് വിജയമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മോദിക്ക് ട്രംപ് അഭിനന്ദനം അറിയിച്ചു. വ്യാപാര, സൈനിക സഹകരണം എന്നിവ മുഖ്യ ചർച്ചയാകുമെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചു. അഭിനന്ദനം അറിയിച്ച ട്രംപിന് നരേന്ദ്രമോദി നന്ദി പറഞ്ഞു.
വ്യാപാര മുന്‍ഗണനാ പട്ടികയിൽ നിന്ന് അമേരിക്ക ഇന്ത്യയെ ഒഴിവാക്കിയത് ചര്‍ച്ചയില്‍ ഇന്ത്യ ഉന്നയിച്ചു എന്നാണ് സൂചന. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി തീരുവ ഇന്ത്യ പിന്‍വലിക്കണമെന്ന് ഇന്നലെ ട്രംപ് നിലപാട് കടുപ്പിച്ചിരുന്നു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ അധിക ഇറക്കുമതി തീരുവ അംഗീകരിക്കാനാവില്ലെന്നും മോദിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യമുന്നയിക്കുമെന്നും ട്രംപ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. വര്‍ഷങ്ങളായി തുടരുന്ന വ്യാപാര മുന്‍ഗണനാപ്പട്ടികയില്‍ നിന്ന് ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയത് ഇന്ത്യക്കും തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇന്നത്തെ ചര്‍ച്ച നിര്‍ണ്ണായകമാണ്. ഇന്ത്യ, ചൈന, യുഎസ് വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ത്രിരാഷ്ട്ര ചര്‍ച്ചയും ഇന്ന് നടക്കും.
അമേരിക്കന്‍ ഉപരോധം നിലനിൽക്കവെ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യന്‍ തീരുമാനത്തിലും അമേരിക്ക വിയോജിച്ചു. പിന്നാലെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അധിക തീരുവ ചുമത്തി. ഇക്കാര്യങ്ങളില്‍ കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രാഥമിക ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഇന്ന് ജപ്പാനിലുണ്ടാവുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam