
ദില്ലി: തീരുവയില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ വ്യാപാര കരാറിൽ ഇന്ത്യയുടെ നിർണായക നീക്കം. വ്യാപാര കരാറുമായി ബന്ധപ്പെട്ട് നാളെ നിശ്ചയിച്ചിരുന്ന ഇന്ത്യ - യു എസ് യോഗത്തില്‍ ഇന്ത്യ പങ്കെടുക്കില്ല. കരാറിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കാനായി മൂന്ന് ദിവസത്തെ യോഗമാണ് അമേരിക്കയില്‍ നിശ്ചയിച്ചിരുന്നത്. നിയമവശങ്ങള്‍ പരിശോധിക്കാനായി നിശ്ചയിച്ചിരുന്ന യോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തീരുവയില്‍ അമേരിക്കയുടെ തുടര്‍ നിലപാട് നിരീക്ഷിച്ചാകും ഇനിയുള്ള നീക്കമെന്നാണ് വാണിജ്യമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. തീരുവ 15 ശതമാനമാക്കിയ സാഹചര്യത്തില്‍ ഇടക്കാല വ്യപാര കരാറിന്‍റെ പരിഗണന വിഷയങ്ങളില്‍ മാറ്റം വരാന്‍ സാധ്യയുണ്ട്. മാര്‍ച്ചില്‍ ഇടക്കാല കരാര്‍ ഒപ്പിടുമെന്നും ഏപ്രില്‍ മുതല്‍ കരാര്‍ പ്രബല്യത്തില്‍ വരുമെന്നുമാണ് നിലവില്‍ വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എന്ത് സംഭവിക്കുമെന്ന കണ്ടറിയണം.
അമേരിക്കയിലെ സുപ്രീം കോടതി വിധിയെ തുടർന്ന് ഡോണൾഡ് ട്രംപിന്റെ താരിഫ് നീക്കങ്ങൾ മന്ത്രാലയം നിരീക്ഷിച്ച് വിലയിരുത്തുകയാണ്. പ്രതികാര നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്ക് മേൽ ട്രംപ് ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് പുതിയ പ്രതിസന്ധി. ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാണ്.
അതേസമയം സുപ്രീം കോടതി വിധി മറികടക്കാൻ 1974 ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 122 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ആഗോള തീരുവ 15 ശതമാനമായി ഉയർത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഇത് 10 ശതമാനമായിരുന്നു. ദേശീയ അടിയന്തരാവസ്ഥാ നിയമം ഉപയോഗിച്ച് തീരുവ ചുമത്തിയത് പ്രസിഡന്റിന്റെ അധികാരപരിധിക്ക് പുറത്താണെന്നായിരുന്നു സുപ്രീം കോടതി വിധി. ഇതിനെ തമാശ എന്ന് വിശേഷിപ്പിച്ച ട്രംപ്, പുതിയ നിയമവഴിയിലൂടെ താരിഫുകൾ ഉടനടി പ്രാബല്യത്തിൽ വരുത്തി. രാജ്യത്തിന്റെ അന്താരാഷ്ട്ര പണമിടപാടുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമമാണിത്. ഇതനുസരിച്ച് ഫെബ്രുവരി 24 മുതൽ പുതിയ തീരുവകൾ നിലവിൽ വരും. ഈ നിയമപ്രകാരം 150 ദിവസം വരെ പരമാവധി 15 ശതമാനം തീരുവ ചുമത്താം. ഈ പരിധിയാണ് ട്രംപ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 150 ദിവസത്തിന് ശേഷം അമേരിക്കൻ കോൺഗ്രസ്സിന്റെ അനുമതിയില്ലെങ്കിൽ ഈ തീരുവ അവസാനിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam