Latest Videos

മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ കാത്തിരിക്കുന്നത് വമ്പൻ പദ്ധതി, ജിഇ യുദ്ധവിമാന എഞ്ചിനുകൾ ഇന്ത്യയിൽ സാധ്യമാകും!

By Web TeamFirst Published Jun 5, 2023, 10:29 PM IST
Highlights

ജൂൺ 21 മുതൽ 24 വരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർശനത്തിനിടെയാകും കരാറിൽ ഒപ്പിടുക

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ വമ്പൻ പദ്ധതിയുടെ സാക്ഷാത്കാരമാകുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതിനിടക്കമുള്ള കരാർ മോദിയുടെ യു എസ് സന്ദർശനത്തിൽ ഒപ്പവെച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക് (ജി ഇ) ആകും ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പിടുകയെന്നാണ് വിവരം. ജൂൺ 21 ന് തുടങ്ങുന്ന മോദിയുടെ അമേരിക്കൻ സന്ദർശനം ഇതുകൊണ്ടുതന്നെ അതിപ്രധാനമാകുകയാണ്.

കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ദില്ലിയിൽ ഉഭയകക്ഷി പ്രതിരോധ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കിടെ ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ധാരണയായെന്നാണ് വിവരം. ഇന്ത്യക്കെതിരായ ചൈനയുടെ ആക്രമണാത്മക നടപടിയും പാക്കിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും ജി ഇ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായെന്നാണ് അധികൃതർ നൽകുന്ന സൂചന.

ഒഡിഷ ട്രെയിന്‍ അപകടം; വേദന പങ്കുവയ്ക്കാന്‍ വാക്കുകളില്ലെന്ന് മോദി, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും

ജി ഇ യുദ്ധവിമാന എഞ്ചിനുകളുടെ നിർമ്മാണം

ഒഹായോ ആസ്ഥാനമായുള്ള ജി ഇ കമ്പനിയുടെ ഉപസ്ഥാപനമായ ജി ഇ എയ്‌റോസ്‌പേസാകും ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിൻ നിർമ്മിക്കുക. ഇതിനായുള്ള സാങ്കേതികവിദ്യയും ഇന്ത്യയിൽ വികസിപ്പിക്കും. അന്താരാഷ്ട്രതലത്തിലെ രാജ്യങ്ങളുടെ സഹകരണത്തിന്‍റെ ഭാഗമായാകും കരാറിൽ ഒപ്പിടുക. കോടിക്കണക്കിന് ഡോളറുകളുടെ കരാറാകും ഒപ്പിടുകയെന്നാണ് വിവരം. ജൂൺ 21 മുതൽ 24 വരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർശനത്തിനിടെയാകും കരാറിൽ ഒപ്പിടുക. ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കുന്നതോടെ, തേജസ് എം കെ II ഉൾപ്പെടെയുള്ള ഭാവിയിലെ എല്ലാ യുദ്ധവിമാനങ്ങളും ജി ഇ  എഫ് 414 എഞ്ചിനുകൾ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ), ട്വിൻ എഞ്ചിൻ ഡെക്ക് ബേസ്ഡ് ഫൈറ്റർ (ടിഇഡിബിഎഫ്) എന്നിവയിലും ഇതേ എഞ്ചിൻ ഘടിപ്പിക്കുമെന്നാണ് വിവരം.

ഈ വർഷം മാർച്ചിൽ യു എസ് എയർഫോഴ്സ് സെക്രട്ടറി ഫ്രാങ്ക് കെൻഡൽ ഇന്ത്യയുമായി സാങ്കേതിക വിദ്യയുടെ പൂർണ സഹകരണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം മോദിയുടെ അമേരിക്കൻ സന്ദർശനത്തെ അമേരിക്ക വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രസിഡന്‍റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ നരേന്ദ്രമോദിക്ക് ആതിഥ്യം വഹിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

click me!