
മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വളരെ ബുദ്ധിമാന്‍ എന്നാണ് മോദിയെ പുടിന്‍ വിശേഷിപ്പിച്ചത്, മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും പുടിന്‍ പറഞ്ഞതായി റഷ്യന്‍ മാധ്യമമായ ആർടി റിപ്പോർട്ട് ചെയ്തു.
സാമ്പത്തിക ഭദ്രതയിലും സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിലും റഷ്യയും ഇന്ത്യയും തമ്മിൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് പുടിൻ വ്യക്തമാക്കി. ആർടി പങ്കുവെച്ച വീഡിയോയില്‍ പുടിന്‍ പറയുന്നതിങ്ങനെ- "ഞങ്ങൾ പ്രധാനമന്ത്രി മോദിയുമായി നല്ല രാഷ്ട്രീയ ബന്ധം പുലര്‍ത്തുന്നു. അദ്ദേഹം ബുദ്ധിമാനാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ മികച്ച മുന്നേറ്റം നടത്തുന്നു."
ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടിക്ക് പിന്നാലെയാണ് പുടിന്‍റെ പ്രതികരണം. യുക്രെയ്ന്‍ - റഷ്യ സംഘര്‍ഷം സംബന്ധിച്ച് ദില്ലി സമ്മേളനത്തില്‍ സംയുക്ത പ്രസ്താവനയില്‍ സമവായത്തില്‍ എത്തിയിരുന്നു. പല ഘട്ടങ്ങളായുള്ള ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷമാണ് സമവായത്തില്‍ എത്തിയത്. യുക്രെയിനില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന, എന്നാല്‍ റഷ്യയെ കുറ്റപ്പെടുത്താതെയുള്ള സംയുക്ത പ്രസതാവനയായിരുന്നു അത്.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികളുടെ പേരില്‍ പുടിന്‍ കഴിഞ്ഞ മാസവും മോദിയെ പ്രശംസിച്ചിരുന്നു. എട്ടാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ (ഇഇഎഫ്) നടത്തിയ പ്രസംഗത്തിലായിരുന്നു ഇത്. "നിങ്ങൾക്കറിയാമോ, നമുക്ക് അന്ന് ആഭ്യന്തരമായി നിർമിച്ച കാറുകൾ ഇല്ലായിരുന്നു, പക്ഷേ ഇപ്പോഴുണ്ട്. 1990കളിൽ വലിയ തുകയ്ക്ക് കാറുകള്‍ വാങ്ങിയിരുന്നു. നമ്മുടെ പല പങ്കാളികളെയും നമ്മൾ അനുകരിക്കണമെന്ന് ഞാൻ കരുതുന്നു. ഉദാഹരണത്തിന് ഇന്ത്യ. ഇന്ത്യൻ നിർമ്മിത വാഹനങ്ങളുടെ നിർമാണത്തിലും ഉപയോഗത്തിലും അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പരിപാടി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനമന്ത്രി മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് ഞാൻ കരുതുന്നു".