ഇന്ത്യാ ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടി മഹാബലിപുരത്ത്

By Web TeamFirst Published Oct 9, 2019, 6:28 AM IST
Highlights

ചൈനയിലെ വുഹാനില്‍ നടന്ന ഇന്ത്യ ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പിനാണ് മഹാബലിപുരം ആതിഥ്യം വഹിക്കുന്നത്. വ്യാപാര മേഖലയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കും.

ചെന്നൈ: ഇന്ത്യാ ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കുള്ള ഒരുക്കത്തിലാണ് തമിഴ്നാട്ടിലെ പൈതൃക നഗരമായ മഹാബലിപുരം. നാല് വ്യത്യസ്ഥ യോഗങ്ങളിലായി അഞ്ച് മണിക്കൂറോളം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങും കൂടിക്കാഴ്ച നടത്തും. അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പടെ 42 ടിബറ്റന്‍ സ്വദേശികളെ കരുതല്‍ കസ്റ്റഡിയിലെടുത്തു.

ചൈനയിലെ വുഹാനില്‍ നടന്ന ഇന്ത്യ ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ രണ്ടാം പതിപ്പിനാണ് മഹാബലിപുരം ആതിഥ്യം വഹിക്കുന്നത്. വ്യാപാര മേഖലയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കും.അതിര്‍ത്തി സുരക്ഷ, കശ്മീര്‍ വിഷയം ഭീകരവാദവും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍ പിങ്ങ് ചെന്നൈയിലെത്തും.ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മഹാബലിപ്പുരത്തെ റിസോര്‍ട്ടിലാണ് നാല്‍പത് മിനിറ്റോളം നീളുന്ന സൗഹൃദ സംഭാഷണം. നയതന്ത്ര പ്രതിനിധികളും വ്യവസായികളുമടങ്ങുന്ന സംഘം രണ്ട് ദിവസം പൈതൃകനഗരിയിലുണ്ടാകും.കനത്ത സുരക്ഷയിലാണ് മഹാബലിപുരം. 

വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ട്. ചൈനീസ് പ്രസിഡന്‍റിന് എതിരായ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തിബറ്റന്‍ ആക്ടിവിസ്റ്റ് തെന്‍സില്‍ സുന്‍ന്ത്യുവിനെയും എട്ട് വിദ്യാര്‍ത്ഥികളെയും തമിഴ്നാട് പൊലീസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. 

ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ കഴിയുന്ന 33 ടിബറ്റന്‍ സ്വദേശികള്‍ കരുതല്‍ കസ്റ്റഡിയിലാണ്. ചൈനീസ് പ്രസിഡന്‍റിന്‍റെ സുരക്ഷാ ചുമതലയുള്ള ഉദോയഗസ്ഥര്‍ മഹാബലിപുരത്ത് എത്തി പരിശോധന നടത്തി. ചൈനീസ് മാധ്യമപ്രവര്‍ത്തകരും തത്സമയ റിപ്പോര്‍ട്ടിങ്ങിനായി മഹാബലിപ്പുരത്തെത്തി. ഉച്ചവിരുന്നിന് ശേഷം യുനൈസ്കോയുടെ പൈതൃക പട്ടികയിലുള്ള ഗുഹാക്ഷേത്രങ്ങളും ഇരുനേതാക്കളും സന്ദര്‍ശിക്കും.

click me!