പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി; ഗൾഫ് സന്ദർശനം തുടരുന്നു

Published : Aug 24, 2019, 07:13 AM ISTUpdated : Aug 24, 2019, 08:47 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി; ഗൾഫ് സന്ദർശനം തുടരുന്നു

Synopsis

പാലസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡൽ നരേന്ദ്ര മോദിക്ക് സമ്മാനിക്കും. ഓർഡർ ഓഫ് സായിദ് മെഡൽ ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

അബുദാബി: രണ്ടുദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. നാല് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. രാവിലെ പതിനൊന്നരയ്ക്ക് അബുദാബി എമിറേറ്റ്സ് പാലസിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ റുപേ കാർഡിന്‍റെ ഉദ്ഘാടനം നരേന്ദ്ര മോദി നിർവഹിക്കും. 

തുടർന്ന് പ്രസിഡന്‍ഷ്യൽ പാലസിൽ എത്തുന്ന പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. പാലസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡൽ നരേന്ദ്ര മോദിക്ക് സമ്മാനിക്കും. ഓർഡർ ഓഫ് സായിദ് മെഡൽ ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ രാജകുടുംബത്തിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദും ചേർന്ന് പുറത്തിറക്കും. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറുകളും ഇതോടനുബന്ധിച്ച് ഒപ്പുവയ്ക്കും. തുടർന്ന് പ്രസിഡൻഷ്യൽ പാലസിലെ ഉച്ചവിരുന്നിന് ശേഷം യുഎഇ പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി ബഹ്റൈനിലേക്ക് യാത്ര തിരിക്കും.

ഇന്ത്യാ-യുഎഇ ബന്ധത്തിലെ സുവർണ അധ്യായമാണ് മോദിയുടെ മൂന്നാമത് സന്ദർശനവും പരമോന്നത പുരസ്കാര സ്വീകരണവും. കശ്മീർവിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച ആദ്യ അറബ് രാജ്യമാണ് യുഎഇ എന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ തിളക്കം കൂട്ടുന്നു.

ഡിജിറ്റൽ പെയ്‌മെന്റുകൾ, വ്യാപാരം, ടൂറിസം എന്നിവയിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് ഗള്‍ഫില്‍ റുപേ കാര്‍ഡിറക്കുന്നതിന് പിന്നിലെ ലക്ഷ്യം. ഇതോടെ റുപേ കാർഡ് നിലവിൽവരുന്ന മധ്യപൂർവദേശത്തെ ആദ്യ രാജ്യം എന്ന വിശേഷണം യുഎഇക്ക് സ്വന്തമാകും. വിസ, മാസ്റ്റർകാർഡ് തുടങ്ങിയവയ്ക്ക് പകരമുപയോഗിക്കാവുന്ന കാർഡാണ് റുപേ.

യുഎഇയിലെ പിഒഎസ് ടെർമിനലുകളിലും ഔട്ട്‌ലെറ്റുകളിലും റുപേ കാര്‍ഡ് സ്വീകരിക്കും. പണമിടപാടുകൾക്ക് മാസ്റ്റർ, വിസ ഡെബിറ്റ് കാർഡുകളേക്കാൾ നിരക്ക് കുറവായിരിക്കുമെന്നതാണ് റുപേയുടെ പ്രത്യേകത. സാധാരണ ഡെബിറ്റ് കാർഡുകൾ പോലെ എടിഎം, പിഒഎസ്, ഓൺലൈൻ സെയിൽസ് എന്നീ ആവശ്യങ്ങൾക്ക് റുപേ കാർഡുകൾ ഉപയോഗിക്കാനാവും. റുപേ കാർഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാളെ നടക്കുന്ന ചടങ്ങില്‍ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും യുഎഇയിലെ മെർക്കുറി പേയ്‌മെന്റും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കും.

  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോകത്തെ അമ്പരപ്പിച്ച് ട്രംപ് ഭരണകൂടം, ഒപ്പിട്ടത് 1 ലക്ഷം കോടിയുടെ ആയുധ കരാറിൽ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് തായ്‌വാന് നേട്ടം, ചൈനക്ക് പ്രഹരം
'ഭാഷ മതത്തിന്റെ ഭാ​ഗമല്ല'; പാക് സർവകലാശാലയിൽ സംസ്കൃതം ഉൾപ്പെടുത്തി, ഭ​ഗവത് ​ഗീതയും മഹാഭാരതവും പഠിപ്പിക്കും