മോദി അമേരിക്കയിൽ: 'ഹൗഡി മോദി' നാളെ, ട്രംപുമെത്തും, ഇമ്രാൻ - ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച

By Web TeamFirst Published Sep 21, 2019, 7:20 AM IST
Highlights

74-ാം ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന്‍റെ ഇടയിലാകും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാൻഖാനുമായും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തുക. 

വാഷിങ്‍ടൺ: നയതന്ത്ര രംഗത്തും, വാണിജ്യ മേഖലയിലും പുതിയ ചുവടുവെപ്പുകൾ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ഇന്ന് തുടങ്ങും. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയിൽ പ്രധാനമന്ത്രി വേദി പങ്കിടും. ഐക്യ രാഷ്ട്രസഭയുടെ പൊതു സമ്മേളനത്തെ 27-ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തിങ്കളാഴ്ചയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള ട്രംപിന്‍റെ കൂടിക്കാഴ്ച. അതിന് തൊട്ടുപിറ്റേന്ന്, ചൊവ്വാഴ്ച, ട്രംപ് മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. 

ഹൗഡി മോദി പരിപാടിയിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കുന്നത്, ഇന്ത്യ - അമേരിക്ക ബന്ധത്തിലെ പുതിയ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് വ്യക്തമാക്കി. ആഗോള നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്താനും അമേരിക്കയുടെ വിശ്വസ്ത പങ്കാളിയായി മാറാനുമുള്ള അവസരം ഇതിലൂടെ രാജ്യത്തിന് കൈവരുമെന്നും മോദി പറഞ്ഞു. 

അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒത്തുകൂടുന്ന ഒരു പരിപാടിയിൽ ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് പങ്കെടുക്കുന്നത്. ഏതാണ്ട് 50,000-ത്തോളം പേർ മെഗാ ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ട്രംപിനെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് ഇന്ത്യയുടെ നയതന്ത്രവിജയമായാണ് കണക്കാക്കപ്പെടുന്നത്. 

വെള്ളിയാഴ്ച രാത്രിയാണ് മോദി അമേരിക്കയ്ക്ക് തിരിച്ചത്. യുഎൻ സമ്മേളനത്തിൽ പങ്കെടുക്കുന്ന മോദി, ലോകസമാധാനത്തിന് ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണെന്ന നിലപാട് ആവർത്തിക്കും. 

''ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള ചർച്ചകൾ ട്രംപുമായുള്ള കൂടിക്കാഴ്ചയിലുണ്ടാകും. ഇന്ത്യയുടെ വികസനത്തിന്‍റെ പങ്കാളിയാണ് എന്നും അമേരിക്ക'', മോദി പറഞ്ഞു. 

ഇന്ന് ഹൂസ്റ്റണിൽ മോദി, പ്രധാനപ്പെട്ട ഊർജകമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ - അമേരിക്ക ഊർജസഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്. 

ഇതിന് ശേഷം ന്യൂയോർക്കിൽ യുഎൻ സമ്മേളനത്തിന്‍റെ ഭാഗമായി നിരവധി പ്രധാനപരിപാടികളിൽ മോദി പങ്കെടുക്കും. 

'ദാരിദ്ര്യനിർമാർജനം, മികച്ച വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസനം' എന്നതാണ് 74-ാമത് യുഎൻ സമ്മേളനത്തിന്‍റെ പ്രഖ്യാപിതലക്ഷ്യം. ''അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ നിരവധി വെല്ലുവിളികളുണ്ട്. സാമ്പത്തികമേഖലയിലെ തളർച്ച, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സംഘർഷങ്ങൾ, തീവ്രവാദത്തിന്‍റെ വ്യാപനം, കാലാവസ്ഥാ മാറ്റം, പടർന്നു കയറുന്ന ദാരിദ്ര്യം. ഇതെല്ലാം മറികടക്കാൻ ഒന്നിച്ചു നിന്നേ തീരൂ. എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുനിർത്താനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ഒരിക്കൽകൂടി ആവർത്തിക്കുന്നതാകും യുഎന്നിലെ പ്രസംഗം'', മോദി വ്യക്തമാക്കി.

തിങ്കളാഴ്ച നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ മോദി പങ്കെടുക്കും. അതിന് ശേഷം, ആഗോള ആരോഗ്യ ഉച്ചകോടിയിൽ. ആയുഷ്മാൻ ഭാരത് അടക്കമുള്ള പദ്ധതികൾ അവിടെ അവതരിപ്പിക്കുമെന്ന് മോദി പ്രസ്താവനയിലൂടെ അറിയിച്ചു. 

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടിയും യുഎന്നിൽ ഇന്ത്യ സംഘടിപ്പിക്കുന്നുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും. 

വിവിധ രാജ്യത്തലവൻമാരുമായി ഉഭയകക്ഷി ചർച്ചകളും മോദി നടത്തും. ആദ്യമായി ഇന്ത്യ പസിഫിക് ദ്വീപരാജ്യങ്ങളുമായും കരീബിയൻ രാഷ്ട്രത്തലവൻമാരുമായും കോമൺ മാർക്കറ്റ് (കാരികോം) ഗ്രൂപ്പുമായും നേതൃതലത്തിലുള്ള ചർച്ചകളും നടത്തും. ഒരു ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ ഇന്ത്യ നേതൃതലത്തിലുള്ള ചർച്ചകൾ നടത്തുന്നത് ഇതാദ്യമാണ്. 

അമേരിക്കൻ ബിസിനസ് തലവൻമാർ പങ്കെടുക്കുന്ന ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിന്‍റെ ഉദ്ഘാടന പ്ലീനറി സമ്മേളനത്തിൽ മോദി പങ്കെടുക്കും. ബിൽ-മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ വർഷം തോറും നൽകുന്ന ആഗോളനേതാക്കൾക്കുള്ള പുരസ്കാരത്തിന് അർഹനായതിൽ നന്ദി പ്രകാശിപ്പിക്കുന്നെന്നും മോദി പ്രസ്താവനയിൽ പറഞ്ഞു.  

click me!