
ടോക്യോ: അന്തരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബേ മഹാനായ നേതാവായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിൽ വിലമതിക്കാനാവാത്ത വിശ്വാസം കാത്തുസൂക്ഷിച്ചിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ടോക്യോയിൽ ഷിൻസോ ആബേയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹം അന്ത്യാഞ്ജലി അർപ്പിച്ചു.
നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ലോകനേതാക്കൾ ഷിൻസൊ ആബേയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് നരേന്ദ്രമോദി ടോക്യോയിലെത്തിയത്. "ഈ വർഷം ആദ്യം ടോക്യോയിലെത്തിയപ്പോൾ, ഇവിടേക്ക് ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ വരേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അദ്ദേഹമൊരു മഹാനായ നേതാവായിരുന്നു. സമാനതകളില്ലാത്ത പ്രതിഭാസമായിരുന്നു, ഇന്ത്യ- ജപ്പാൻ സൗഹൃദത്തിൽ വിലമതിക്കാനാവാത്ത വിശ്വാസമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കോടിക്കണക്കിന് ജനഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കും". ഷിൻസോ ആബേയെ ഓർമ്മിച്ച് മോദി ട്വീറ്റ് ചെയ്തു. ആബേക്ക് അദ്ദേഹം അന്തിമോപചാരം അർപ്പിക്കുന്ന ഫോട്ടോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
വിദേശകാര്യമന്ത്രാലയവും മോദി അന്തിമോപചാരം അർപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. "ഇന്ത്യ-ജപ്പാൻ സൗഹൃദത്തിൽ മികച്ച ദർശനവും മികവുറ്റ സംഭാവനയും നൽകി. അന്ത്യാഞ്ജലി"- വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. നരേന്ദ്രമോദിയെക്കൂടാതെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉൾപ്പടെ 700 അതിഥികളാണ് ചടങ്ങിനെത്തിയത്.
ഈ വർഷം ജൂലൈയിലാണ് ഷിൻസൊ ആബേ കൊല്ലപ്പെട്ടത്. നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ച് കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട് ആബേയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബേയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നാവിക സേന മുൻ അംഗം യാമാഗാമി തെത്സൂയയാണ് ഷിൻസോ ആബേയെ വെടിവെച്ചത്.
Read Also: പ്രതിഷേധങ്ങള്‍, വിവാദങ്ങള്‍, ലക്ഷങ്ങള്‍ മുടക്കിയ ആബേയുടെ സംസ്‌കാര ചടങ്ങിനെതിരെ വിമര്‍ശനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam