Asianet News MalayalamAsianet News Malayalam

എലിസബത്ത് രാജ്ഞിയുടേതിലും വിപുലമായ സംസ്കാരച്ചടങ്ങ്; ഷിൻസോ ആബേയ്ക്കായി ചെലവാക്കുന്നത് ഭീമമായ തുക, വിമർശനം

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരച്ചടങ്ങുകൾക്കായി ചെലവാക്കിയതിലും അധികമാണ് ജപ്പാൻ ഷിൻസൊ ആബേക്കായി മാറ്റിവച്ചിരിക്കുന്ന തുകയെന്നാണ് റിപ്പോർട്ട്. ഇതേച്ചൊല്ലി ജപ്പാനിൽ വൻ വിമർശനമാണ് ഉയരുന്നത്. 
 

shinzo abes funeral is set to take place next week
Author
First Published Sep 24, 2022, 3:48 PM IST

ദില്ലി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബേയുടെ സംസ്കാരച്ചടങ്ങുകൾക്കായി ജപ്പാൻ ചെലവാക്കുന്നത് ഭീമമായ തുക. ഈ വർഷം ജൂലൈയിൽ കൊല്ലപ്പെട്ട ഷിൻസൊ ആബേയ്ക്കായി 1.66 ബില്യൺ യെൻ ആണ് ജപ്പാൻ ചെലവാക്കുന്നത്. അടുത്ത ആഴ്ചയാണ് സംസ്കാരച്ചടങ്ങ്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരച്ചടങ്ങുകൾക്കായി ചെലവാക്കിയതിലും അധികമാണ് ജപ്പാൻ ഷിൻസൊ ആബേക്കായി മാറ്റിവച്ചിരിക്കുന്ന തുകയെന്നാണ് റിപ്പോർട്ട്. ഇതേച്ചൊല്ലി ജപ്പാനിൽ വൻ വിമർശനമാണ് ഉയരുന്നത്. 

 പൊതുവിനിയോ​ഗ ഫണ്ടുപയോ​ഗിച്ച് ഷിൻസൊ ആബേയുടെ സംസ്കാരച്ചടങ്ങുകൾ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകൾക്ക് ബ്രിട്ടനിൽ ചെലവായത് ഇതിലും 1.3 ബില്യൺ യെൻ കുറവാണെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ടോക്കിയോ ഒളിമ്പിക്സിനായി ജപ്പാൻ 13 ബില്യൺ യെൻ ചെലവാക്കിയതും ധാരാളിത്തമാണെന്ന ആശങ്ക ജനങ്ങൾക്കുണ്ട്. ഒളിമ്പിക്സിനായി നേരത്തെ നിശ്ചയിച്ചതിലും ഇരട്ടിയാണ് ചെലവായ തുക. 

ടോക്കിയോ ആസ്ഥാനമായ ഇവന്റ് ഓർ​ഗനൈസർ കമ്പനി മുറായാമയ്ക്കാണ് ഷിൻസൊ ആബേയുടെ സംസ്കാരച്ചടങ്ങുകളുടെ കരാർ നൽകിയിരിക്കുന്നത്. ​ദി ​ഗാർഡി‌യൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സംസ്കാരച്ചടങ്ങുകൾക്കായി 250 മില്യൺ യെൻ ആണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്. ചടങ്ങ് മോടിപിടിപ്പിക്കുന്നതിനായി ചീഫ് ക്യാബിനെറ്റ് സെക്രട്ടറി ഹിറോകാസു മറ്റ്സുനോ 800 മില്യൺ യെൻ കൂടി  മാറ്റിവെപ്പിച്ചു. ചടങ്ങ് നടത്തിപ്പിനായി മറ്റൊരു 600 മില്യൺ യെൻ കൂടി ചെലവ് പ്രതീക്ഷിക്കുന്നതായും ​റിപ്പോർട്ടിലുണ്ട്.  

ജപ്പാൻ സൈന്യത്തെ ആധുനീകരിച്ചതും ആയുധ പ്രതിരോധ ശേഷി വർധിപ്പിച്ചതും ആബെ ഭരണത്തിലിരിക്കുമ്പോഴാണ്. ഇതിനെതിരെ രാജഭരണാനുകൂലികളുടേയും ആയുധ വിരുദ്ധരുടേയും വൻ പ്രതിഷേധം നടന്നിരുന്നു. നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ  പ്രസംഗിച്ച് കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട് ആബേയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബേയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നാവിക സേന മുൻ അം​ഗം യാമാഗാമി തെത്സൂയയാണ് ഷിൻസോ ആബേയെ വെടിവെച്ചത്.

Read Also: അഭിമുഖം വേണമെങ്കിൽ ശിരോവസ്ത്രം ധരിക്കണമെന്ന് മാധ്യമപ്രവർത്തകയോട് ഇറാൻ പ്രസിഡന്റ്

 
 

Follow Us:
Download App:
  • android
  • ios