
ദില്ലി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ടി 20 ക്രിക്കറ്റ് പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്ര മോദിയുടെ സന്ദർശനം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് പറഞ്ഞു. ഇരുപ്രധാനമന്ത്രിമാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യാപാരം, വാണിജ്യം, കുടിയേറ്റം, സാങ്കേതിക വിദ്യ, ഖനനം അടക്കം വിവിധ തലങ്ങളിലെ സഹകരണത്തിന് കരാറായി. പതിനൊന്ന് വിഷയങ്ങളെ സംബന്ധിച്ച് കൂടിക്കാഴ്ച്ചയിൽ ചർച്ച നടന്നെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
റഷ്യ - യുക്രൈൻ യുദ്ധം മറ്റു രാജ്യങ്ങളിൽ ഉണ്ടാക്കിയ ആഘാതം, പണപ്പെരുപ്പം അടക്കം വിഷയങ്ങളും ചർച്ചയായിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ക്ഷേത്രങ്ങൾക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളിലും ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളുടെ പ്രവർത്തനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയയെ ആശങ്ക അറിയിച്ചു. ഇത്തരം ശക്തികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. സന്ദർശനത്തിനിടെ ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണുമായും മോദി കൂടിക്കാഴ്ച നടത്തി.
അതേസമയം, ഇന്ത്യ വിരുദ്ധ ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചു. വിഘടനവാദി ഗ്രൂപ്പുകൾ ഓസ്ട്രേലിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ശക്തികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായുള്ള കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിൽ ക്ഷേത്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് കിട്ടിയതായും മോദി അറിയിച്ചു.
ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയിലെ സൈനിക, ഊർജ്ജ, സാംസ്കാരിക സഹകരണം ശക്തമാക്കാൻ ചർച്ചയിൽ ധാരണയായി. വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും കുടിയേറ്റത്തിന് സഹായകരമാകുന്ന പുതിയ ഉടമ്പടി ഇരു രാജ്യങ്ങളും ഒപ്പ് വച്ചു. ബംഗ്ലൂരുവിൽ കോൺസുലേറ്റ് തുറക്കുമെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ബ്രിസ്ബനിൽ ഇന്ത്യയുടെ കോൺസുലേറ്റ് തുറക്കുമെന്ന് മോദി ഇന്നലെ അറിയിച്ചിരുന്നു. മൂന്നു രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി മോദി ഇന്ന് മടങ്ങും.