പോളണ്ട് അതിർത്തിയിൽ മിസൈൽ പതിച്ചു; തൊടുത്തത് റഷ്യയോ? ജി20 ഉച്ചകോടിക്കിടെ അടിയന്തിര യോഗം

By Web TeamFirst Published Nov 16, 2022, 2:10 PM IST
Highlights

പതിച്ചത് റഷ്യൻ നിർമിത മിസൈൽ ആണെങ്കിലും, അത് പ്രയോഗിച്ചത് ആരാണെന്നോ, വിക്ഷേപിക്കപ്പെട്ടത് എവിടെ നിന്നാണെന്നോ വ്യക്തമല്ല

ദില്ലി: പോളണ്ടിലെ അതിർത്തി ഗ്രാമത്തിൽ മിസൈൽ പതിച്ച് സ്ഫോടനമുണ്ടായ സാഹചര്യത്തിൽ ബാലിയിൽ ജി20 ഉച്ചകോടിക്കിടെ അടിയന്തര യോഗം ചേർന്ന് ലോക രാഷ്ട്രത്തലവന്മാർ. മിസൈൽ വിട്ടത് റഷ്യയാണോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. അതേസമയം സംഭവത്തിൽ പോളിഷ് ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കീവ് ലക്ഷ്യമിട്ട് നടക്കുന്ന മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പോളണ്ടിലെ അതിർത്തി ഗ്രാമത്തിലുണ്ടായ ഈ സ്ഫോടനം റഷ്യൻ മിസൈൽ പതിച്ചുണ്ടായതാണ് എന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്തു വന്നത്. യുക്രെയിനിൽ റഷ്യൻ അധിനിവേശം തുടങ്ങി ഒൻപതു മാസം തികയുന്നതിനിടെ ഒരു നാറ്റോ അംഗരാജ്യത്തിനു നേരെ നടക്കുന്ന ആദ്യ ആക്രമണം എന്ന നിലയ്ക്ക് ഈ സംഭവം മേഖലയെ സംഘർഷാവസ്ഥയിലേക്ക് നയിച്ചിരുന്നു.

എന്നാൽ, പതിച്ചത് റഷ്യൻ നിർമിത മിസൈൽ ആണെങ്കിലും, അത് പ്രയോഗിച്ചത് ആരാണെന്നോ, വിക്ഷേപിക്കപ്പെട്ടത് എവിടെ നിന്നാണെന്നോ വ്യക്തമല്ല. നാറ്റോ നിയമാവലിയുടെ അഞ്ചാമത്തെ ക്ളോസ് പ്രകാരം, ഏതെങ്കിലും ഒരു അംഗരാജ്യത്തിനു നേരെ സായുധ ആക്രമണം ഉണ്ടായാൽ, അതിനെ പ്രതിരോധിക്കാൻ മറ്റ് അംഗരാജ്യങ്ങൾ നിർബന്ധിതമാകും. ബാലിയിൽ നടന്ന അടിയന്തര യോഗത്തിനു ശേഷം, ഈ സ്‌ഫോടനത്തിനു പിന്നിൽ റഷ്യൻ മിസൈൽ ആവാതിരിക്കാനാണ് സാധ്യത കൂടുതൽ എന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്.

സംഭവത്തിൽ പോളിഷ് ഗവണ്മെന്റ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈ അന്വേഷണത്തിന്റെ ഫലം എന്തായാലും, യുദ്ധമുഖത്തെ കണക്കുപിഴ ചിലപ്പോൾ നാറ്റോയെയും റഷ്യയെയും നേർക്കുനേർ പോർമുഖത്തേക്ക് നയിക്കാനുള്ള സാധ്യതയിലേക്കാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
 

click me!