'മാതളനാരങ്ങയ്ക്കും തണ്ണിമത്തനും പ്രവേശനമില്ല, പക്ഷേ ഭീകരർ കണ്ടമാനം വരുന്നു, ചൈനയ്ക്കും നമ്മളെ വിശ്വാസമില്ല': വിദേശ നയം പാളിയെന്ന് പാക് നേതാവ്

Published : Feb 09, 2026, 10:20 PM IST
Maulana Fazlur Rehman on Pakistan policy

Synopsis

അഫ്ഗാനിൽ നിന്നുള്ള തീവ്രവാദ ഭീഷണി കൈകാര്യം ചെയ്യുന്നതിൽ ഷെഹ്ബാസ് ഷരീഫിന്‍റെ നേതൃത്വത്തിലുള്ള പാക് സർക്കാർ പരാജയപ്പെട്ടെന്ന് മൗലാന ഫസലുർ റഹ്മാൻ. ചൈനയ്ക്ക് പോലും പാകിസ്ഥാനിലുള്ള വിശ്വാസം നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തീവ്രവാദ ഭീഷണി കൈകാര്യം ചെയ്യുന്നതിൽ ഷെഹ്ബാസ് ഷരീഫിന്‍റെ നേതൃത്വത്തിലുള്ള പാക് സർക്കാർ പരാജയപ്പെട്ടെന്ന് ജമിയത്ത് ഉലമ-ഇ-ഇസ്ലാം (എഫ്) തലവൻ മൗലാന ഫസലുർ റഹ്മാൻ. പാകിസ്ഥാന്‍റെ അഫ്ഗാൻ നയം എങ്ങനെയാണ് ഇത്ര ദയനീയമായി പരാജയപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. റാവൽപിണ്ടിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെയാണ് പാക് ഭരണകൂടത്തെ കടന്നാക്രമിച്ചത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വ്യാപാരം തടസ്സപ്പെടുമ്പോഴും തീവ്രവാദികൾ അതിർത്തി കടന്നുവരുന്നത് തുടരുകയാണെന്ന വൈരുദ്ധ്യം മൗലാന ഫസലുർ റഹ്മാൻ ചൂണ്ടിക്കാട്ടി.

"പതിറ്റാണ്ടുകളായി നമ്മുടെ അഫ്ഗാൻ നയം പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് നമ്മൾ ചിന്തിച്ചിട്ടില്ല. അഫ്ഗാനിൽ നിന്ന് മാതള നാരങ്ങയോ തണ്ണിമത്തനോ പാകിസ്ഥാനിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നില്ല.എന്നാൽ ഭീകരർ അതിർത്തി കടന്നുവരുന്നത് തുടരുന്നു"- ഫസലുർ റഹ്മാൻ പരിഹസിച്ചു.

ഭീകരർ വരുന്നത് അഫ്ഗാനിൽ നിന്നാണെങ്കിൽ അവരെ തടയണമെന്നും ഉന്മൂലനം ചെയ്യണമെന്നും ഫസലുർ റഹ്മാൻ ആവശ്യപ്പെട്ടു. ഇത്തരം നടപടികളോട് അഫ്ഗാൻ സർക്കാർ ഇതുവരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാന്‍റെ വിദേശ-സാമ്പത്തിക നയങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കു പുറമെ ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ പോലും പാകിസ്ഥാനോട് അതൃപ്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു.

"ചൈനയ്ക്ക് നമ്മളെ വിശ്വാസമില്ല"

ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ നടത്തിപ്പിനെയും ഫസലുർ റഹ്മാൻ വിമർശിച്ചു. ചൈനയ്ക്ക് പാകിസ്ഥാനിലുള്ള വിശ്വാസം നഷ്ടമായതിനാൽ പദ്ധതി സ്തംഭിച്ചിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കാലത്ത് സിപിഇസി മുടങ്ങിയപ്പോൾ ചൈനയ്ക്ക് പരാതിയുണ്ടായിരുന്നു. എന്നാൽ നിലവിലെ സർക്കാരിന്റെ കീഴിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയംകഴിഞ്ഞ വെള്ളിയാഴ്ച ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾ അഫ്ഗാനിസ്ഥാൻ തള്ളി. ഇസ്ലാമാബാദിലെ തർലായ് മേഖലയിലുള്ള പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 69 പേർ കൊല്ലപ്പെടുകയും 170-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമി അഫ്ഗാനിസ്ഥാനിൽ നിന്ന് വന്നതാണെന്ന പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവന ഉത്തരവാദിത്തമില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

37 വർഷത്തിനിടെ ആദ്യമായി പതിവ് തെറ്റിച്ച് ഖമനേയി, കൊവിഡ് കാലത്തു പോലും മുടക്കാത്ത ചടങ്ങിൽ ഇത്തവണ പങ്കെടുത്തില്ല
മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളിയോ? സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ