
ധാക്ക: ബംഗ്ലാദേശിലെ സെമിനാറിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിനെതിരേ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ സെക്കൻഡ് സെക്രട്ടറിയായ പൂജാ കുമാരി ഝായാണ് ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിൽ വേദിയിൽവെച്ച് തന്നെ പ്രതിഷേധമറിയിച്ചത്. സാർക്ക് രാജ്യങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസി(BIISS)ൽ നടന്ന സെമിനാറിനിടെയായിരുന്നു സംഭവം.
ഇന്ത്യയിലെ മുൻ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായ അഹമ്മദ് താരിഖ് കരീം ആണ് സെമിനാറിൽ സംസാരിക്കുന്നതിനിടെ കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കിയുള്ള തെറ്റായ ഭൂപടം പ്രദർശിപ്പിച്ചത്. ഇതോടെ സദസ്സിലുണ്ടായിരുന്ന പൂജാ കുമാരി ഝാ ഇടപെടുകയായിരുന്നു.
ഇവിടെ കാണിച്ചിരിക്കുന്ന ഇന്ത്യയുടെ ഭൂപടം തെറ്റാണെന്നും ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും പൂജാ കുമാരി ഝാ ചൂണ്ടിക്കാട്ടി. എന്നാൽ, ഇത് കേവലം പ്രതീകാത്മകമായ ഭൂപടമാണെന്നും യഥാർഥ അതിർത്തികളെ കാണിക്കുന്നില്ലെന്നുമായിരുന്നു താരിഖ് കരീമിന്റെ മറുപടി. ഇതോടെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ തൻ്റെ നിലപാട് കൂടുതൽ വ്യക്തമാക്കി. അക്കാര്യം തനിക്ക് മനസിലായെന്നും പക്ഷേ, ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും ഇവിടെ അത് തെറ്റായി കാണിച്ചിരിക്കുകയാണെന്നും പൂജാ കുമാരി ഝാ ആവർത്തിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിക്കണമെന്നാണ് താൻ അഗ്രഹിച്ചതെന്നും അവർ പറഞ്ഞു. പിന്നാലെ താങ്കൾ ഇന്ത്യയിൽ എവിടെനിന്നാണെന്നായിരുന്നു താരിഖ് കരീമിന്റെ ചോദ്യം. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ സെക്കൻഡ് സെക്രട്ടറിയാണെന്ന് പൂജാ കുമാരിയും മറുപടി നൽകി. ഇതോടെ പൂജാ കുമാരി ചൂണ്ടിക്കാട്ടിയ കാര്യം ശ്രദ്ധിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹം സെമിനാറിലെ അവതരണം തുടരുകയായിരുന്നു.
India’s Second Secretary at the Indian High Commission in Dhaka, Puja Jha, raised an immediate objection after a map shown during a foreign policy seminar in Bangladesh depicted Jammu & Kashmir as part of Pakistan.
She stated that Jammu & Kashmir is an integral and inalienable… pic.twitter.com/a4b2IV8ZhA— Aditya Raj Kaul (@AdityaRajKaul) July 10, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam