മേയ് 15-നാണ് രണ്ട് പ്രൈമറി സ്‌കൂളുകളില്‍ നിന്നും ഒരു സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുമായി 46 വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ബോക്കോ ഹറാം ഭീകര സംഘടനയാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു.

അബുജ: തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഒയോ സംസ്ഥാനത്തുനിന്ന് സായുധ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഡസന്‍കണക്കിന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രണ്ട് മാസത്തിന് ശേഷം രക്ഷപെടുത്തി. സൈനിക നടപടിയിലൂടെയാണ് ഇവരെ മോചിപ്പിച്ചതെന്ന് പ്രസിഡന്റ് ബോല ടിനുബു പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷാ സേന നടത്തിയ മിന്നല്‍ ആക്രമണത്തില്‍ എട്ട് ഭീകരരെ ജീവനോടെ പിടികൂടുകയും നിരവധി പേരെ വധിക്കുകയും ചെയ്തായി അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മേയ് 15-നാണ് ഒയോ സംസ്ഥാനത്തെ രണ്ട് പ്രൈമറി സ്‌കൂളുകളില്‍ നിന്നും ഒരു സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുമായി 46 വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ബോക്കോ ഹറാം ഭീകര സംഘടനയാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. തട്ടിക്കൊണ്ടുപോയവരില്‍ രണ്ടു വയസ്സുള്ള കുട്ടി മുതല്‍ 16 വയസ്സുള്ള കൗമാരക്കാര്‍ വരെ ഉണ്ടായിരുന്നു. തട്ടിക്കൊണ്ടുപോയതിന് തൊട്ടുപിന്നാലെ ഒരധ്യാപകനെ ഭീകരര്‍ കൊലപ്പെടുത്തുകയും ചെയ്തു.

സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി സര്‍ക്കാരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വന്‍തുക മോചനദ്രവ്യം ഈടാക്കുന്നത് നൈജീരിയയില്‍ പതിവാണ്. എന്നാല്‍ ഈ മോചനത്തിന് പിന്നില്‍ പണമിടപാടുകളോ വിട്ടുവീഴ്ചകളോ ഉണ്ടായിട്ടില്ലെന്ന് പ്രസിഡന്റിന്റെ വക്താവ് വ്യക്തമാക്കി. ജയിലില്‍ കഴിയുന്ന തങ്ങളുടെ കമാന്‍ഡര്‍മാരെ മോചിപ്പിക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഭീകരര്‍ കുട്ടികളെ ഒളിച്ചുവെച്ചിരുന്നതെന്ന് പ്രതിരോധ മന്ത്രി ക്രിസ്റ്റഫര്‍ മൂസ ഈ ആഴ്ച ആദ്യം വെളിപ്പെടുത്തിയിരുന്നു.

എസ്ബിഎം ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നൈജീരിയയില്‍ കഴിഞ്ഞ വര്‍ഷം മാത്രം സായുധ സംഘങ്ങള്‍ 1.6 മില്യണ്‍ ഡോളറിലധികം (ഏകദേശം 13 കോടി ഇന്ത്യന്‍ രൂപ) മോചനദ്രവ്യമായി തട്ടിയെടുത്തിട്ടുണ്ട്.