
വത്തിക്കാന്‍: യേശു ജനിച്ച മണ്ണിൽ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ 6500ഓളം വിശ്വാസികൾ പങ്കെടുത്ത സായാഹ്ന കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു.
യുദ്ധത്തിന്റെ അര്‍ത്ഥശൂന്യതയില്‍ യേശു ജനിച്ച മണ്ണിൽ തന്നെ യേശുവിന്റെ സമാധാന സന്ദേശം മുങ്ങുകയാണെന്നാണ് ഇസ്രയേല്‍ - ഹമാസ് യുദ്ധം പരാമര്‍ശിച്ച് മാര്‍പാപ്പ പറഞ്ഞത്- "ഇന്ന് രാത്രി നമ്മുടെ ഹൃദയങ്ങൾ ബെത്‌ലഹേമിലാണ്. അവിടെ യുദ്ധത്തിന്റെ വ്യർത്ഥമായ യുക്തിയാൽ, ആയുധങ്ങളുടെ ഏറ്റുമുട്ടലിലൂടെ സമാധാനത്തിന്റെ രാജകുമാരൻ ഒരിക്കൽ കൂടി തിരസ്കരിക്കപ്പെട്ടിരിക്കുന്നു"
സുവിശേഷ പ്രാർത്ഥനകൾക്ക് ശേഷം പള്ളിമണികൾ മുഴങ്ങി. പോപ്പ് പദവിയിൽ ഫ്രാൻസിസ് പാപ്പയുടെ പതിനൊന്നാം സന്ദേശമാണ് ഇത്തവണത്തേത്. ഗാസയില്‍ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുദ്ധത്തിന്‍റെ വ്യര്‍ത്ഥ യുക്തിയെ കുറിപ്പ് പോപ്പ് സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സംഭവ വികാസങ്ങള്‍ കാരണം ബേത്‍ലഹേം ദുഃഖത്തോടെയാണ് ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് പലസ്തീന്‍ ടൂറിസം മന്ത്രി റുല മയ്യ പറഞ്ഞു.
നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന് പറഞ്ഞു തന്ന വലിയ ഇടയൻ. യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കുകയാണ് ലോകം.എല്ലാ പള്ളികളിലും പ്രാർത്ഥനാ നിർഭരമായ പാതിരാ കുർബാനകൾ നടന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam