
വത്തിക്കാന്‍: യുക്രെയ്ൻ സന്ദർശിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫ്രാൻസിസ് മാർപാപ്പ (Pope Francis). യൂറോപ്യൻ രാജ്യമായ മാൾട്ടയിലേക്കുള്ള സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാർപാപ്പ. നേരത്തെ യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി മാർപാപ്പയെ കീവിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചോയെന്ന ചോദ്യത്തിനാണ് ഇക്കാര്യം തന്റെ പരിഗണനയിൽ ആണെന്ന് മാർപാപ്പ വ്യക്തമാക്കിയത്. എന്നാല്‍, എന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ യാത്രയെന്നോ മറ്റു വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല.
അതേസമയം മരിയോപോളിൽ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാൻ റെഡ്ക്രോസ് ശ്രമം തുടങ്ങി. ഏഴ് മാനുഷിക
ഇടനാഴികൾ തയാറാക്കി അതിലൂടെ മൂന്നര ലക്ഷം പേരെ പുറത്തെത്തിക്കാനാണ് ശ്രമം. നേരത്തെ റെഡ്‌ക്രോസിന്റെ
ഈ ശ്രമം പരാജയപ്പെട്ടിരുന്നു.
Also Read: യുക്രൈന്‍ തങ്ങളുടെ എണ്ണ ഡിപ്പോ ആക്രമിച്ചതായി റഷ്യന്‍ ആരോപണം
ഇന്ത്യയുടെ മധ്യസ്ഥത സ്വാഗതം ചെയ്ത് റഷ്യന്‍ വിദേശകാര്യമന്ത്രി
റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയില്‍ യുക്രൈൻ വിഷയം ചര്‍ച്ചയായി. റഷ്യ-യുക്രൈൻ സംഘര്‍ഷം തീര്‍ക്കുന്നതില്‍ ഇന്ത്യയുടെ മധ്യസ്ഥത റഷ്യന്‍ വിദേശകാര്യമന്ത്രി സ്വാഗതം ചെയ്തു. യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ നയതന്ത്രതല ചർച്ചയില്‍ റഷ്യ അഭിനന്ദിച്ചു . ബാഹ്യസമ്മർദ്ദങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും സെർഗെയ് ലാവ്റോവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി.
യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നിലപാട് കടുപ്പിക്കുമ്പോള്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് റഷ്യയുടെ ശ്രമം. ചൈനയിലെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ റഷ്യന്‍ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി. യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് തള്ളിയ റഷ്യ ഇന്ത്യയുടെ നയത്തെ അഭിനന്ദിച്ചു.
അമേരിക്കയുടെ സമ്മർദ്ദങ്ങള്‍ക്ക് ഇന്ത്യ റഷ്യ ബന്ധത്തെ സ്വാധീനിക്കാനാവില്ല. ഇന്ധനം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ലഭ്യമാക്കുമെന്നും ലാവ്റോവ് മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈനിലേത് യുദ്ധമല്ലെന്നും ഭീഷണി നേരിടാനുള്ള പ്രത്യേക നടപടി മാത്രമാണെന്നും റഷ്യൻ വിദേശകാര്യമന്ത്രി ന്യായീകരിച്ചു. തർക്കങ്ങള്‍ ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്ന നിലപാട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ചയില്‍ ആവർത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ യുക്രൈനിലെ നിലവിലെ സാഹചര്യവും സമാധാന ശ്രമവും റഷ്യന്‍ വിദേശകാര്യമന്ത്രി വിശദീകരിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മോദി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. എത്രയും വേഗം വെടിനിർത്തൽ ഉണ്ടാകണമെന്ന് കൂടിക്കാഴ്ചയിൽ മോദി അഭ്യർത്ഥിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് എല്ലാവിധ സഹകരണവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. 2021 ഇന്ത്യ റഷ്യ ഉഭയകക്ഷി ഉച്ചകോടിയിലെ തീരുമാനങ്ങളുടെ പുരോഗതിയും ലാവ്റോവ് പ്രധാനമന്ത്രിയെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam