
വത്തിക്കാന്‍ : സ്വവർഗാനുരാഗികൾ, ജിപ്സികള്‍, ജൂതര്‍ എന്നിവര്‍ക്കെതിരെ ക്രോധം പ്രകടിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ ഹിറ്റ്ലറിനോട് ഉപമിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വെള്ളിയാഴ്ച ക്രിമിനല്‍ നിയമം സംബന്ധിച്ച അന്തര്‍ ദേശീയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ. നാസിസത്തിന്‍റെ പുനരുത്ഥാനത്തിന്‍റെ ലക്ഷണങ്ങള്‍ കാണുന്നത് സ്വാഭാവികമാണെന്ന് കരുതാനാവില്ലെന്ന് മാര്‍പ്പാപ്പ പറഞ്ഞു.
വിദ്വേഷം നിറഞ്ഞ അത്തരം പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ 1934, 1936 ലെ ഹിറ്റ്ലറുടെ പ്രസംഗങ്ങളാണ് ഓര്‍മ്മ വരുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്നുമല്ലാതെയാണ് മാര്‍പ്പാപ്പയുടെ ഈ വാക്കുകള്‍. ജൂതര്‍, ജിപ്സികള്‍, സ്വവർഗാനുരാഗികൾ എന്നിവരെ വേട്ടയാടുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിക്കപ്പെടുന്നത് സംസ്കാരങ്ങളിലെ മൂല്യച്യുതിയും വിദ്വേഷത്തിന്‍റെ പ്രഭാവവുമാണ്. ഇത് ഒരിക്കല്‍ സംഭവിച്ചിരുന്നു. ഇപ്പോള്‍ അത് വീണ്ടും സംഭവിക്കുകയാണെന്നും മാര്‍പ്പാപ്പ പറയുന്നു.
1933 മുതല്‍ 1945 വരെയുള്ള നാസി ഭരണത്തിന് കീഴില്‍ ജൂത വിഭാഗത്തില്‍പ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജിപ്സി, സ്വവര്‍ഗാനുരാഗി വിഭാഗങ്ങളില്‍പ്പെട്ടവരെ ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും സജീവമായിരുന്നു. എന്നാല്‍ തന്‍റെ വിമര്‍ശനം ഏത് രാജ്യത്തെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കെതിരാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പേരെടുത്ത് വ്യക്തമാക്കിയില്ല. ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ര്‍ ബോള്‍സണാരോ അധികാരത്തിലെത്തുന്നതിന് തൊട്ട് മുന്‍പ് വരെ സ്വവര്‍ഗാനുരാഗികള്‍ക്കെതിരായി നിലപാട് സ്വീകരിച്ചിരുന്നു. ബ്രൂണേ സുല്‍ത്താന്‍റെ മനുഷ്യാവാകാശം ലംഘിക്കുന്ന രീതിയിലുള്ള സമീപനങ്ങള്‍ക്ക് യുഎന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam