
ഇറാഖ്: ഐലാൻ കുർദ്ദിയുടെ പിതാവ് അബ്ദുള്ളയെ സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ആറ് വർഷം മുമ്പുള്ള ഒരു പ്രഭാതത്തിലാണ് തുർക്കിയിലെ ബ്രോഡം തീരത്ത് ഐലാൻ കുർദി എന്ന മൂന്നു വയസ്സുകാരൻ മരിച്ചു കിടന്നത്. ദുരിതമനുഭവിക്കുന്ന അഭയാർത്ഥികളുടെ പ്രതീകമായിരുന്നു ഐലൻ എന്ന പിഞ്ചുകുഞ്ഞ്. അഭയാർത്ഥികൾക്കെതിരെയുള്ള നിലപാടുകളിൽ മാറ്റം വരുത്താൻ ഈ കണ്ണീർചിത്രം കാരണമായിത്തീർന്നിരുന്നു. 2015 ലായിരുന്നു ലോകത്തെ മുഴുവൻ ഞെട്ടിച്ച ഈ സംഭവം.
ഇറാഖിലെ വടക്കൻ കുർദ്ദിസ്ഥാൻ മേഖലയുടെ തലസ്ഥാനമായ അർബിലിൽ വച്ചാണ് പോപ്പ് ഫ്രാൻസിസ് അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയത്. പാപ്പയ്ക്ക് മുന്നിൽ തലയൽപം താഴ്ത്തി നിൽക്കുന്ന അബ്ദുല്ലയെ പാപ്പ ഉറ്റുനോക്കുന്നതും അനുഗ്രഹിക്കാനെന്ന പോലെ കൈ ഉയർത്തുന്നതായും വത്തിക്കാൻ പുറത്തു വിട്ട ഫോട്ടോയിൽ കാണാം. അബ്ദുല്ലയുമായി പാപ്പ വളരെ നേരം സംസാരിച്ചു. കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട പിതാവിന്റെ വേദനകൾ അദ്ദേഹം കേട്ടിരുന്നു. വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
യഥാർത്ഥത്തിൽ വടക്കൻ സിറിയയിലെ കൊബാനയിൽ നിന്നുള്ളവരാണ് കുർദ്ദി കുടുംബം. ആറ് വർഷം മുമ്പ് സഹോദരൻ ഗാലിപ്പിനും അമ്മ റിഹാന്നയ്ക്കുമൊപ്പമാണ് ഐലൻ മരിക്കുന്നത്. സിറിയയിലെ സംഘർഷം അവസാനിപ്പിക്കാൻ വളരെക്കാലമായി ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്യുന്നുണ്ട്. വെളളിയാഴ്ചയാണ് അദ്ദേഹം ഇറാഖിലെത്തിയത്. തിങ്കളാഴ്ച രാവിലെ റോമിലേക്ക് തിരികെപോയി. ഇറാഖ് എപ്പോഴും തന്റെ ഹൃദയത്തിലുണ്ടായിരിക്കുമെന്ന് പാപ്പ പറഞ്ഞു.
ഇറാഖിലെത്തുന്ന ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. 1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇറാഖ് സന്ദർശിക്കാനൊരുങ്ങിയിരുന്നെങ്കിലും അന്നത്തെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനുമായിനടന്ന ചർച്ച പരാജയപ്പെട്ടതോടെ പിന്മാറി