ഹോങ്കോങ്ങിന്റെ ജനാധിപത്യ സ്വപ്നങ്ങൾക്കു മേൽ നീരാളിപ്പിടിത്തം മുറുക്കി ചൈന; സമ്മതിദാനപ്രക്രിയയിൽ സമൂലമാറ്റം

By Web TeamFirst Published Mar 8, 2021, 11:37 AM IST
Highlights

ഹോങ്കോങ്ങിലെ ജനങ്ങൾക്ക് ബ്രിട്ടൻ നൽകിയ ആ വാഗ്ദാനം പാടെ ലംഘിക്കുന്ന തരത്തിലുള്ളതാണ് ചൈനയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും പുതിയ നയങ്ങൾ. 

1997 - ൽ ഹോങ്കോങ്ങിനെ ചൈനയ്ക്ക് കൈമാറി ബ്രിട്ടൻ സ്ഥലം കാലിയാക്കിയ അന്നുതൊട്ട്, സ്ഥലത്തെ ജനാധിപത്യ വിശ്വാസികൾ ശ്രമിച്ചു പോന്നിട്ടുള്ളത് നാട്ടിൽ സമ്പൂർണ ജനാധിപത്യം നടപ്പിൽ വരുത്താനാണ്. ഹോങ്കോങിന് മേൽ തുടക്കം മുതൽ നിർണായക സ്വാധീനമുണ്ടായിരുന്ന ചൈന സുതാര്യമായ വോട്ടെടുപ്പിലൂടെ ജനനേതാക്കളെ തെരഞ്ഞെടുക്കാനും, ജനങ്ങളുടേതായ ഒരു ഭരണം സ്ഥാപിക്കപ്പെടാനും അനുവദിക്കും എന്ന് അവർ പ്രതീക്ഷിച്ചു. ഹോങ്കോങ്ങുകാരുടെ ജനാധിപത്യ സ്വപ്നങ്ങളുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു കയറ്റുന്ന ഒരു നടപടി, കഴിഞ്ഞ വെള്ളിയാഴ്ച ചൈനയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുകയാണ്. ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രവിശ്യകളിൽ ഏറ്റവും പൗരസ്വാതന്ത്ര്യങ്ങൾ അനുവദിക്കപ്പെട്ടിട്ടുള്ള ഹോങ്കോങ്ങിലെ വോട്ടിങ് സമ്പ്രദായം അടിമുടി പരിഷ്കരിക്കാൻ ചൈന തീരുമാനിച്ചു. 

നിലവിൽ ഹോങ്കോങ്ങിന്റെ ഭരണാധികാരിയെ നിർണ്ണയിക്കുന്ന 1200 ഇലക്റ്റർമാർ അടങ്ങുന്ന സമിതിയെ കൂടുതൽ ചൈനീസ് ദേശഭക്തരെ ഉൾപ്പെടുത്തി വികസിപ്പിക്കാനാണ് ചൈന തീരുമാനിച്ചിട്ടുള്ളത്. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ചൈനയുടെ കർശനനടപടികളിൽ ലോകവ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു വന്ന് അധികം താമസിയാതെയാണ് ഈ പുതിയ പരിഷ്‌കാരം ചൈന നടപ്പിലാക്കിയിരിക്കുന്നത്. പ്രതിഷേധക്കാരെ പലരെയും ഭരണകൂടത്തെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി എന്ന ഗുരുതരമായ കുറ്റം ചുമത്തി അനിശ്ചിതകാലത്തേക്കാണ് തുറുങ്കിൽ തള്ളിയിട്ടുള്ളത്. അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ടു നിൽക്കുന്നവരാകട്ടെ, ചൈനീസ് ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടികളിൽ നിന്ന് രക്ഷപ്പെട്ടോടി അന്യനാടുകളിൽ അഭയാർത്ഥി ജീവിതം നയിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. 

'ബേസിക് ലോ' എന്നറിയപ്പെടുന്ന കല്പിത ഭരണഘടനയിൽ തന്നെ കാര്യമായ മാറ്റങ്ങൾ വരുത്തി, ഹോങ്കോങിൽ ഇപ്പോൾ നിലവിലുള്ള 'അന്തച്ഛിദ്രങ്ങൾ' പരിഹരിക്കാനാണ് ചൈന ശ്രമിക്കുന്നത് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഈ ബേസിക് ലോയിലാണ് ഹോങ്കോങ്ങിൽ 'ഒരാൾക്ക് ഒരു വോട്ട്' എന്ന സാർവ്വജനീന സമ്മതിദാനസങ്കൽപം നടപ്പിലാക്കും എന്നുള്ള വാഗ്ദാനമൊക്കെ ഉള്ളത്. ഭരണഘടനയെത്തന്നെ പൊളിച്ചെഴുതാൻ വേണ്ടി, ചൈനയുടെ ഭാഗത്തുനിന്നുള്ള ഈ ഏകപക്ഷീയമായ പരിഷ്‌കാരങ്ങൾ, ഹോങ്കോങ് നിവാസികളിൽ നിന്നും പ്രതിഷേധവും, ഒരു പക്ഷേ 1989 -ൽ നടന്ന ടിയാനൻമെൻ സ്‌ക്വയർ അടിച്ചമർത്തൽ പോലുള്ള രക്തരൂക്ഷിതമായ സംഭവങ്ങളും വരെ ഭാവിയിൽ ഉണ്ടാകാനുള്ള  സാഹചര്യമുണ്ടാക്കും എന്നാണ് പ്രാദേശിക രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ചൈനയിൽ ഇപ്പോൾ നിലവിലുള്ള, 'ഒരു രാജ്യം, ഒരു പാർട്ടി' സംവിധാനം തന്നെയാണ് ഹോങ്കോങ്ങിലും കൊണ്ടുവരാൻ അവർ പ്രയത്നിക്കുന്നത്. പ്രതിപക്ഷത്തെ സ്ഥിരം ന്യൂനപക്ഷമാക്കി മാറ്റാൻ വേണ്ടി അവരിലെ നേതൃസ്ഥാനത്തുള്ളവരെ തുറുങ്കിൽ അടക്കാനും, നിയമ നടപടികൾ കാണിച്ച് ഭീഷണിപ്പെടുത്താനും ഒക്കെയാണ് ഇപ്പോൾ ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

1997 -ൽ 'ഒരു രാജ്യം, രണ്ടു സംവിധാനം' എന്ന വാഗ്ദാനത്തോടെയാണ് ബ്രിട്ടൻ ഹോങ്കോങ്ങിനെ ചൈനയ്ക്ക് കൈമാറി, പടിയിറങ്ങുന്നത്. എന്നാൽ, ഹോങ്കോങ്ങിലെ ജനങ്ങൾക്ക് ബ്രിട്ടൻ നൽകിയ ആ വാഗ്ദാനം പാടെ ലംഘിക്കുന്ന തരത്തിലുള്ളതാണ് ചൈനയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും പുതിയ നയങ്ങൾ. പതിറ്റാണ്ടുകളായി തങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന സാമൂഹികവും രാഷ്ട്രീയവും വ്യക്തിപരവുമായ സ്വാതന്ത്ര്യങ്ങൾ, കൈപ്പിടിയിൽ നിന്ന് പൂഴിമണൽ എന്ന പോലെ ചോർന്നു പോകുന്ന കാഴ്ചയ്ക്കാൻ, ഒട്ടു നിസ്സംഗതയോടെ ഹോങ്കോങ് ജനത ഇപ്പോൾ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. 

click me!