ശസ്ത്രക്രിയക്ക് ശേഷം ചിലര്‍ ഞാന്‍ മരിക്കാന്‍ ആഗ്രഹിച്ചു; തമാശ പറഞ്ഞ് മാര്‍പ്പാപ്പ

By Web TeamFirst Published Sep 21, 2021, 9:33 PM IST
Highlights

തന്റെ വന്‍കുടല്‍ ശസ്ത്രക്രിയ സമയത്ത് പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കം തുടങ്ങിയിരുന്നെന്നും 84കാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.
 

വത്തിക്കാന്‍സിറ്റി: ചിലര്‍ തന്റെ മരണം ആഗ്രഹിച്ചതായി മാര്‍പ്പാപ്പ തമാശരൂപേണ പറഞ്ഞതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 12ന് ബ്രാട്ടിസ്വാലയില്‍ പുരോഹിതരുടെ യോഗത്തിലാണ് മാര്‍പ്പാപ്പ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ജെസ്യൂട്ട് ജേര്‍ണര്‍ സിവില്‍ട്ട കത്തോലിക്ക റിപ്പോര്‍ട്ട് ചെയ്തു. തന്റെ വന്‍കുടല്‍ ശസ്ത്രക്രിയ സമയത്ത് പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കം തുടങ്ങിയിരുന്നെന്നും 84കാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴായിരുന്നു പോപ്പിന്റെ തമാശ.

''ഇപ്പോഴും ജീവിച്ചിരിക്കുന്നു. ചിലര്‍ ഞാന്‍ മരിക്കണമെന്നാഗ്രഹിച്ചിട്ടും. പോപ്പിന്റെ ആരോഗ്യസ്ഥിതി വിചാരിച്ചതിലും കൂടുതല്‍ ഗുരുതരമാണെന്ന് ധരിച്ച് യോഗം നടന്നിരുന്നതായി എനിക്കറിയാം. അവര്‍ കോണ്‍ക്ലേവിന് തയ്യാറെടുത്തു. എല്ലാം നല്ലതിന്. എനിക്കിപ്പോള്‍ സുഖമാണ്. ദൈവത്തിന് സ്തുതി. പരിചരിച്ച നഴ്‌സ് എന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ചിലപ്പോള്‍ ഡോക്ടര്‍മാരേക്കാള്‍ കാര്യങ്ങള്‍ നന്നായി അറിയുന്നത് നഴ്‌സുമാര്‍ക്കായിരിക്കും. അവരാണല്ലോ രോഗിയോട് അടുത്ത് പെരുമാറുന്നത്''-പോപ്പ് പറഞ്ഞു.

ജൂലൈ നാലിനാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ശസ്ത്രക്രിയക്ക് വിധേയമാകുന്നത്. 10 ദിവസത്തിന് ശേഷം ആശുപത്രി വിട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!