
ലണ്ടന്: കുത്തേറ്റ് പിടഞ്ഞ് മരിക്കുന്നതിന് തൊട്ടുമുമ്പ് കുഞ്ഞിന് ജന്മം നല്‍കി എട്ട് മാസം ഗര്‍ഭിണിയായ യുവതി. മരണത്തിന് തൊട്ട് മുമ്പ് പ്രാഥമിക ചികിത്സകന്‍റെ സഹായത്തോടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജൂണ്‍ 29 രാത്രി സൗത്ത് ലണ്ടന് സമീപം ക്രോയ്ഡനില്‍ നിന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ ഗര്‍ഭിണി കുത്തേറ്റ് പിടയുന്ന കാഴ്ചയാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. 26 കാരിയായ കെല്ലി മേരി ഫേവ്രെല്ലേ ആണ് കൊല്ലപ്പെട്ടത്. പ്രാഥമിക ചികിത്സ നല്‍കി യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവതി മരിക്കുകയായിരുന്നു.
സംഭവത്തില്‍ സംശയാസ്പദമായ നിലയില്‍ 29 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. 37 കാരനെയും കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പേരുടെയും പേരുകള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒരു യുവതി കൊല്ലപ്പെടുകയും കുഞ്ഞ് അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്യുന്നത് ദാരുണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി ക്രോയ്ഡന്‍ പൊലീസ് അറിയിച്ചു.
ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ കൊലപാതകത്തെ അപലപിച്ചു. ''സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് ലണ്ടനില്‍ സ്ഥാനമില്ല. ഈ കൊലപാതകത്തിന്‍റെ ആഴം നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. എന്‍റെ മനസ്സ് ആ കുഞ്ഞിനും അതിദാരുണമായി ജീവന്‍ നഷ്ടമായ ആ യുവതിക്കുമൊപ്പമാണ്.'' - സാദിഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.