ഇറാനെതിരായ സൈനിക നീക്കം പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇസ്രായേലിനും അമേരിക്കയ്ക്കും നേരെയുള്ള ആക്രമണം തടയാനാണ് ഈ മുൻകൂർ നടപടിയെന്നും, ഇറാന്റെ നേതൃനിര ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വാഷിംഗ്ടൺ: ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് അമേരിക്കൻ സൈന്യം നടത്തുന്നതെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് യുദ്ധത്തിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം വാചാലനായത്. യുദ്ധമുന്നണിയിൽ കാര്യങ്ങൾ വളരെ ഭംഗിയായി നടക്കുന്നുണ്ടെന്നും പത്തിൽ എത്ര മാർക്ക് നൽകും എന്ന ചോദ്യത്തിന് താൻ പതിനഞ്ച് മാർക്ക് നൽകുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇറാന്റെ മിസൈൽ ശേഖരവും അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും അതിവേഗം തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. അയൽരാജ്യങ്ങളെയും ഒരുകാലത്ത് സഖ്യകക്ഷികളായിരുന്നവരെയും ഇറാൻ ആക്രമിക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം ശരിവെച്ചു. നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രമാണ് ഇറാനെന്നും നിലവിലെ സൈനിക നീക്കം അത് അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ ഉന്നത നേതാക്കളുടെ മരണത്തെത്തുടർന്നുണ്ടായ ഭരണപ്രതിസന്ധിയെക്കുറിച്ചും ട്രംപ് പരിഹാസരൂപേണ പ്രതികരിച്ചു.
ഇറാന്‍റെ നേതൃനിര അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവിടെ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ട്രംപ് പറഞ്ഞു. അയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇറാന്റെ അടുത്ത ഭരണാധികാരി ആരാകുമെന്ന കാര്യത്തിൽ തനിക്ക് പ്രത്യേക താൽപ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനെ പൂർണ്ണമായും നിശബ്ദമാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനം.
സൈനിക നടപടി സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ ഇസ്രായേലിനും അമേരിക്കയ്ക്കും നേരെ ഇറാന്‍റെ ഭാഗത്തുനിന്ന് വൻ ആക്രമണം ഉണ്ടാകുമായിരുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. നാം ആദ്യം ആക്രമിച്ചില്ലായിരുന്നുവെങ്കിൽ ഇസ്രായേലിനെ അവർ ലക്ഷ്യം വെക്കുമായിരുന്നുവെന്നും സാധ്യമാണെങ്കിൽ അമേരിക്കയ്ക്ക് നേരെയും അവർ നീങ്ങുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കത്തെ അത്ഭുതകരമായ മുന്നേറ്റമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങൾ
യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടത്തിലെ വിവിധ ഉദ്യോഗസ്ഥർ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നേരത്തെ പ്രകടിപ്പിച്ചിരുന്നത്. ഇസ്രായേൽ ഇറാനെ ആദ്യം ആക്രമിക്കാൻ തയ്യാറെടുക്കുകയാണെന്ന് ചിലർ വാദിച്ചപ്പോൾ, ഇറാൻ ഇസ്രായേലിനും അമേരിക്കയ്ക്കും നേരെ മിസൈലുകൾ തൊടുക്കാൻ ഒരുങ്ങുകയായിരുന്നു എന്നാണ് മറ്റു ചിലർ പറഞ്ഞത്. ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിലും ഇറാൻ ഇസ്രായേലിനെയും മറ്റുള്ളവരെയും ആക്രമിക്കാൻ തയ്യാറെടുക്കുകയായിരുന്നു എന്ന് ട്രംപ് ആവർത്തിച്ചിരുന്നു. മേഖലയിലെ സമാധാനം നിലനിർത്താൻ ഈ മുൻകൂർ ആക്രമണം അത്യാവശ്യമായിരുന്നു എന്നാണ് വൈറ്റ് ഹൗസിൻ്റെ പക്ഷം.
മേഖലയിലെ അമേരിക്കൻ സൈനികരെ ലക്ഷ്യം വെച്ച് ഇറാൻ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന ശക്തമായ തോന്നലിന്‍റെ അടിസ്ഥാനത്തിലാണ് ട്രംപ് ഈ സൈനിക നടപടിക്ക് ഉത്തരവിട്ടതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് ബുധനാഴ്ച വ്യക്തമാക്കി. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾക്കും തന്ത്രപരമായ നിഗമനങ്ങൾക്കും ഒപ്പം പ്രസിഡന്‍റിന്‍റെ ദീർഘവീക്ഷണവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. ഇറാന്‍റെ സൈനിക ശേഷി തകർക്കുന്നതിലൂടെ മേഖലയിലെ ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.


