
കത്തോലിക്കാ സഭയിലെ വൈദികര്‍ വ്യാപകമായി ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലും വത്തിക്കാനിലുമായി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൈദികരുടെ മൊബൈല്‍ ഫോണ്‍ ഡാറ്റ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട്. ഗേ വിഭാഗക്കാരില്‍ സജീവമായിട്ടുള്ള ഡേറ്റിംഗ് ആപ്പായ ഗ്രിന്‍ഡറാണ് വൈദികര്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വൈദികര്‍ മാത്രമല്ല ബിഷപ്പുമാരടക്കമുള്ളവര്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.
യാഥാസ്ഥിതിക ക്രിസ്ത്യാനി വിഭാഗത്തില്‍ നിന്നുള്ളവരുടെ നേതൃത്വത്തിലുള്ള ബ്ലോഗായ പില്ലറിലാണ് ഇതിനേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആദ്യമായി വന്നത്. തെളിവുകള്‍ അടക്കമുള്ള റിപ്പോര്‍ട്ട് നേരത്തെ യുഎസ് ബിഷപ്പ് കോണ്‍ഫെറന്‍സിലെ ഉയര്‍ന്ന പദവിയുള്ള വൈദികനായിരുന്ന മോണ്‍സിഞ്ഞോര്‍ ജെഫെറി ബറിലിന്‍റെ രാജിയിലേക്ക് നയിച്ചതിന് പിന്നാലെയാണ് വീണ്ടും ആരോപണം ശക്തമാവുന്നത്. ഇതോടെ കത്തോലിക്കാ സഭ പ്രതിരോധത്തിലായിരിക്കുകയാണ്. 2018ല്‍ മാത്രം 32 മൊബൈല്‍ ഫോണുകളില്‍ ഗേ ഡേറ്റിംഗ് ആപ്പ് സജീവമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വത്തിക്കാന്‍ നഗരത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത പ്രദേശങ്ങളില്‍ നിന്നും ഈ ഫോണുകളില്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. തുറന്ന ചിന്തകള്‍ പിന്തുടരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പിന്തുണയ്ക്കുന്ന വൈദികര്‍ക്കെതിരെയുള്ള ആയുധമായാണ് ഈ കണ്ടെത്തലിനെ യാഥാസ്ഥിതിക മനോഭാവമുള്ള വൈദികര്‍ വിലയിരുത്തുന്നത്. ഇരുവിഭാഗങ്ങളും തമ്മില്‍ തുറന്ന ഏറ്റുമുട്ടലിനുള്ള സാഹചര്യങ്ങളൊരുങ്ങുന്നതായാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
ബ്രഹ്മചര്യ വ്രതം സ്വീരിക്കുന്ന കത്തോലിക്കാ പുരോഹിതരുടെ നേരെ വിരലുകളുയരുന്നതാണ് പുതിയ സാഹചര്യമെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആരോപണം ആദ്യ വന്ന പില്ലര്‍ എന്ന യാഥാസ്ഥിതിക കത്തോലിക്കാ ബ്ലോഗിന് വൈദികരുടെ ഫോണ്‍ ഡാറ്റ ലഭിച്ചതെങ്ങനെയാണെന്നത് ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ഡാറ്റ ലഭിച്ചെങ്കില്‍ തന്നെ ഇത് എത്തരത്തിലാണ് വിലയിരുത്തിയതെന്നും വ്യാപകമായ രീതിയില്‍ ചോദ്യമുയരുന്നുണ്ട്.
എന്നാല്‍ കത്തോലിക്കാ സഭയില്‍ വളരെ രഹസ്യ സ്വഭാവത്തോടെ നടക്കുന്ന ഇത്തരം കൊള്ളരുതായമകളെ തുറന്നു കാണിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പില്ലറിന്‍റെ എഡിറ്റര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത്. അതോടൊപ്പം തന്നെ ഗേ വിഭാഗങ്ങളിലുള്ളവര്‍ ഏറെയുള്ള ന്യൂജേഴ്സി മേഖലയില്‍ ഇത്തരം ആപ്പുകള്‍ വൈദികര്‍ ഉപയോഗിക്കുന്നത് ഒരു കാര്യത്തിന് വേണ്ടി മാത്രമല്ലെന്നും നിരീക്ഷിക്കുന്നവരുമുണ്ട്.
2020 വരെ ഉപയോക്താവിന്‍റെ ലൊക്കേഷന്‍ ഡാറ്റ ഈ ഡേറ്റിംഗ് സൈറ്റ് ലഭ്യമാക്കിയിരുന്നു.ജനുവരിയില്‍ ഇത്തരത്തില്‍ ഡാറ്റ വില്‍പ്പന നടത്തിയതിന് ഗ്രിന്‍ഡറിന് വലിയ പിഴ അടയ്ക്കേണ്ടി വന്നിരുന്നു. നോര്‍വീജിയന്‍ ഡാറ്റ് പ്രൊട്ടെക്ഷന്‍ അതോറിറ്റിയാണ് ഡേറ്റിംഗ് സൈറ്റിന് പിഴയിട്ടത്. ഫോണിലെ ഡാറ്റ സാധാരണയായി ആളുകളുടെ രാഷ്ട്രീയ താല്‍പര്യങ്ങളും കച്ചവട മനോഭാവവും മനസിലാക്കാനായി ഡാറ്റ ബ്രോക്കേഴ്സ് വാങ്ങാറുണ്ട്. ഇത്തരക്കാരില്‍ നിന്നാണോ വിവരങ്ങള്‍ ലീക്കായതെന്നും വ്യാപക സംശയം ഉയരുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam