
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡ് മന്ത്രിസഭയില്‍ ഇടം നേടി മലയാളി വനിത. ജസീന്ത ആർഡന്‍റെ മന്ത്രിസഭയില്‍ അംഗമായതോടെ ന്യൂസിലന്‍ഡില്‍ മന്ത്രിസ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ നേട്ടം കൂടിയാണ് എറണാകുളം പറവൂര്‍ സ്വദേശി പ്രിയങ്ക രാധാകൃഷ്ണന് സ്വന്തമായിരിക്കുന്നത്. സാമൂഹിക. യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്.
14 വര്‍ഷത്തോളമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ് പ്രിയങ്ക. കുട്ടിക്കാലത്ത് സിംഗപ്പൂരിലേക്ക് താമസം മാറിയ പ്രിയങ്ക ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ന്യൂസിലന്‍ഡില്‍ എത്തിയത്. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയായ റിച്ചാര്‍ഡ്സണാണ് ഭര്‍ത്താവ്. രണ്ട് തവണ എംപിയായിട്ടുള്ള പ്രിയങ്ക ആദ്യമായാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. 2017-2020 കാലത്ത് പ്രിയങ്ക മന്ത്രിയായിരുന്ന ജെന്നി സാലിസയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രിയങ്ക. ലേബര്‍ പാര്‍ട്ടിയുടെ രണ്ടാം ടേമില്‍ ജെന്നി സാലിസ അസിസ്റ്റന്‍ഡ് സ്പീക്കര്‍ ആയതോടെയാണ് പ്രിയങ്ക മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
മന്ത്രി സ്ഥാനത്തേക്ക് പ്രിയങ്ക എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചുമതലകളേക്കുറിച്ച് ബോധ്യമുണ്ടെന്നും അതിന്‍റെ ആവേശത്തിലാണെന്നുമാണ് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചത്.
കൊവിഡിനെ വിജയകരമായി പ്രതിരോധിച്ച ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വൻ ഭൂരിപക്ഷത്തോടെയാണ് വീണ്ടും അധികാരത്തിലെത്തിയത്. 120 അംഗ പാർലമെന്റിൽ ജസീന്തയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നു. ജസീന്തയുടെ പാർട്ടി 49 ശതമാനം വോട്ടുകൾ നേടിയപ്പോൾ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റിവ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam