
ദില്ലി: ഗാസയിൽ സമാധാനം പുലരണമെന്ന് ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന ഇന്ത്യയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി എ ഐ സി സി അംഗം പ്രിയങ്ക ഗാന്ധി രംഗത്ത്. യു എൻ പ്രമേയത്തിലെ ഇന്ത്യൻ നിലപാട് ഞെട്ടപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. രാജ്യമെന്ന നിലയിൽ ഇന്ത്യ ഇതുവരെ നേടിയ എല്ലാ പുരോഗതികള്‍ക്കും എതിരാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും അവർ അഭിപ്രായപ്പെട്ടു. കണ്ണിന് പകരം കണ്ണ് എന്ന നിലപാട് ലോകത്തെ അന്ധരാക്കുമെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ആമുഖമായി കുറിച്ചുകൊണ്ട് സമൂഹമാധ്യമമായ എക്സിലൂടെയാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.
പ്രിയങ്കയുടെ വാക്കുകൾ
നമ്മുടെ രാജ്യം അഹിംസയുടെയും സത്യത്തിന്റെയും തത്ത്വങ്ങളാൽ സ്ഥാപിതമായതാണ്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ അവരുടെ ജീവൻ ബലിയർപ്പിച്ച തത്ത്വങ്ങൾ, ഈ തത്വങ്ങളാണ് നമ്മുടെ ദേശീയതയെ നിർവചിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനം. അന്താരാഷ്ട്ര സമൂഹത്തിലെ അംഗമെന്ന നിലയിൽ ഇന്ത്യയുടെ പ്രവർത്തനങ്ങളെ നയിച്ച ധാർമിക ധൈര്യത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. മനുഷ്യരാശിയുടെ നന്മക്കും നീതിക്കുമായുള്ള എല്ലാ നിയമങ്ങളും കാറ്റിൽ പറക്കുമ്പോളും, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം, ആശയവിനിമയം, വൈദ്യുതി എന്നിവ വിച്ഛേദിക്കപ്പെടുമ്പോഴും ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും പലസ്തീനിൽ ഉന്മൂലനം ചെയ്യപ്പെടുമ്പോഴും ഒരു നിലപാട് സ്വീകരിക്കാതിരിക്കാൻ ഇന്ത്യക്ക് എങ്ങനെയാണ് സാധിക്കുക. ഗാസയിൽ വെടിനിർത്തലിന് വേണ്ടിയുള്ള യു എൻ പ്രമേയം വരുമ്പോൾ ഇന്ത്യ നിശ്ശബ്ദമായിരിക്കുന്നത് എങ്ങനെയാണ്. നമ്മുടെ രാജ്യം ഒരു രാഷ്ട്രമെന്ന നിലയിൽ ഇക്കാലം വരെ നേടിയ എല്ലാ പുരോഗതികൾക്കും എതിരായ നിലപാടാണ് ഇക്കാര്യത്തിൽ കേന്ദ്രം സ്വീകരിച്ച വോട്ടെടുപ്പ് ബഹിഷ്കരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam