
കെയ്‌റോ: ഈജിപ്തിലെ പ്രമുഖ ടെലിവിഷൻ അവതാരക സാറ ഖലീഫ (39) ഉൾപ്പെടെ 12 പേർക്ക് മയക്കുമരുന്ന് ഉൽപ്പാദനവും കടത്തുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷ വിധിച്ചു. സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഘമുണ്ടാക്കി മയക്കുമരുന്നുകൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയും അവ വിതരണം ചെയ്യുകയും ചെയ്തതിനാണ് ഈജിപ്‌തിലെ കെയ്‌റോ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ലൈസൻസില്ലാത്ത ആയുധങ്ങളും വെടിയുണ്ടകളും കൈവശം വച്ചതിനും ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കുറ്റകൃത്യങ്ങൾ, സുരക്ഷ എന്നിവയെ ആസ്പദമാക്കിയുള്ള 'മിഷൻ ഇംപോസിബിൾ' എന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയുടെ അവതാരകയാണ് സാറ ഖലീഫ. കേസിൽ 28 പ്രതികളാണ് ആകെ ഉണ്ടായിരുന്നത്. വ്യാജ മയക്കുമരുന്ന് നിർമ്മാണ ശൃംഖലയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകിയതും വിദേശത്തുള്ള സംഘത്തലവൻമാരെ കണ്ട് ഏകോപനം നടത്തിയതും സാറയാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ സാറ ഖലീഫ നിഷേധിച്ചിട്ടുണ്ട്.
അന്വേഷണത്തിനിടെ 750 കിലോഗ്രാമിലധികം മയക്കുമരുന്നുകളും അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും ലബോറട്ടറികൾ പ്രവർത്തിച്ചിരുന്ന രണ്ട് ഫ്ലാറ്റുകളും പോലീസ് പിടിച്ചെടുത്തു. സാക്ഷികളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഈജിപ്തിലെ നിയമമനുസരിച്ച് വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് ഗ്രാന്റ് മുഫ്തിയുടെ നിർദ്ദേശം തേടേണ്ടതുണ്ട്. ഈ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമാണ് കോടതി അന്തിമ വിധി പ്രഖ്യാപിച്ചത്. അതേസമയം, പ്രതികൾക്ക് വിധി ചോദ്യം ചെയ്ത് മേൽക്കോടതിയിൽ അപ്പീൽ നൽകാൻ സാധിക്കുമെന്നതിനാൽ ഉടനടി വധശിക്ഷ നടപ്പാക്കിയേക്കില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam