പാകിസ്താനില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് ജീവപര്യന്തം; കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപണം

Published : Jun 24, 2026, 03:04 PM IST
Mahrang Baloch

Synopsis

ബലോചിസ്താനില്‍ ദൂരൂഹ സാഹചര്യത്തിലുള്ള തിരോധാനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ വര്‍ഷങ്ങളായി പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഡോ. മാഹ്റംഗ് ബലോച്ചിന് ജീവപര്യന്തം തടവ്.

ഇസ്‌ലാമബാദ്: പാകിസ്താനിലെ ബലോചിസ്താനില്‍ ദൂരൂഹ സാഹചര്യത്തിലുള്ള തിരോധാനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ വര്‍ഷങ്ങളായി പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഡോ. മാഹ്റംഗ് ബലോച്ചിന് ജീവപര്യന്തം തടവ്. 2024-ല്‍ ഒരു പ്രതിഷേധ പ്രകടനത്തിനിടയില്‍ അര്‍ദ്ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസിലാണ് ക്വറ്റയിലെ തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്ന് ആരോപിച്ച് മാഹ്റംഗും അഭിഭാഷകരും വിചാരണനടപടികള്‍ പൂര്‍ണ്ണമായി ബഹിഷ്‌കരിച്ചിരുന്നു.

ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പൊരുതുന്ന ബലോച് ഐക്യ സമിതിയുടെ നേതാവാണ് മാഹ്റംഗ്. സംഘടനയുടെ മറ്റൊാരു നേതാവായ സിബ്ഗത്തുള്ളയ്ക്കും കോടതി ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം പാകിസ്താന്‍ രൂപ വീതം നഷ്ടപരിഹാരം നല്‍കാനും ഉത്തരവുണ്ട്.

2024 ജൂലൈയില്‍ തുറമുഖ നഗരമായ ഗ്വാദറില്‍ ബലോച് ഐക്യ സമിതി നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇവിടെ മാഹ്റംഗ് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും, തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം അതിര്‍ത്തി രക്ഷാസേനയിലെ ഉദ്യോഗസ്ഥനായ ഷബ്ബീര്‍ അഹമ്മദിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രൊസിക്യൂഷന്‍ കേസ്. എന്നാല്‍ സമാധാനപരമായി പ്രതിഷേധിച്ച തങ്ങള്‍ക്കെതിരെ വ്യാജ തെളിവുകള്‍ ചമയ്ക്കുകയാണെന്ന് സംഘടന പ്രതികരിച്ചു. ജയിലിനുള്ളില്‍ അതീവ രഹസ്യമായാണ് കോടതി വിചാരണ പൂര്‍ത്തിയാക്കിയതെന്നും പ്രതിഭാഗത്തിന് സാക്ഷികളെ വിസ്തരിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്നും മാഹ്റംഗിന്റെ സഹോദരിയും അഭിഭാഷകയുമായ നാദിയ ബലോച്ച് വ്യക്തമാക്കി.

മാഹ്റംഗിനെതിരെയുള്ള വിധി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പാകിസ്താന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ പ്രതികരിച്ചു. സമാധാനപരമായ ജനാധിപത്യ പോരാട്ടങ്ങളെയും ഭീകരവാദത്തെയും ഒരേ തട്ടില്‍ കാണുന്ന പാക് ഭരണകൂടത്തിന്റെ വിവേചനപരമായ നയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ് അടക്കമുള്ള പ്രമുഖരും വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ബി.ബി.സിയുടെ 2024-ലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വനിതകളുടെ പട്ടികയില്‍ മാഹ്റംഗ് ബലോച്ച് ഇടംപിടിച്ചിരുന്നു. പാകിസ്താനിലെ ബലോച് വംശജരുടെ അവകാശ പോരാട്ടങ്ങളുടെ മുഖമാണ് മാഹ്‌റംഗ്. 2009-ല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോവുകയും പിന്നീട് ക്രൂരപീഡനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത പിതാവിന്റെ ദുര്‍വിധിയില്‍ നിയമപോരാട്ടം നടത്തിയാണ് മാഹ്റംഗ് പൊതുരംഗത്തേക്ക് വന്നത്. കാണാതായ തങ്ങളുടെ കുടുംബാംഗങ്ങളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് 2023-ല്‍ നൂറുകണക്കിന് സ്ത്രീകള്‍ക്കൊപ്പം ഇസ്ലാമാബാദിലേക്ക് അവര്‍ നയിച്ച കിലോമീറ്ററുകള്‍ നീണ്ട ലോങ് മാര്‍ച്ച് ആഗോള ശ്രദ്ധ നേടിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉഷ്ണതരംഗത്തില്‍ വെന്തുരുകി യൂറോപ്പ്; ഫ്രാന്‍സില്‍ റെഡ് അലര്‍ട്ട്, വൈദ്യുതി മുടക്കം, കാട്ടുതീ; യുകെയില്‍ സ്‌കൂളുകള്‍ അടച്ചു
ആളൊരു ലൗഡ് സ്പീക്കര്‍! വിമാനം ഉയരുമ്പോഴുള്ള അത്രയും ശബ്ദം; ലോകത്തിലെ ഏറ്റവും ഒച്ചയുള്ള മനുഷ്യന്‍ ഇതാണ്!