ഉഷ്ണതരംഗത്തില്‍ വെന്തുരുകി യൂറോപ്പ്; ഫ്രാന്‍സില്‍ റെഡ് അലര്‍ട്ട്, വൈദ്യുതി മുടക്കം, കാട്ടുതീ; യുകെയില്‍ സ്‌കൂളുകള്‍ അടച്ചു

Published : Jun 24, 2026, 02:50 PM IST
heat wave in France

Synopsis

ഫ്രാന്‍സിലെ പകുതിയിലധികം പ്രദേശങ്ങളിലും ബുധനാഴ്ച അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. യുകെയിലും കൊടും ചൂട് തുടരുകയാണ്. ആയിരത്തിലേറെ സ്‌കൂളുകള്‍ ഭാഗികമായി അടച്ചിട്ടു.

പാരീസ്: ഫ്രാന്‍സ് ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത ഉഷ്ണതരംഗം. ഫ്രാന്‍സില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ചൂട് മുന്നേറുകയാണ്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസത്തെ ദിനമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഫ്രാന്‍സ് രേഖപ്പെടുത്തിയത്; അന്ന് ശരാശരി താപനില 29.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഫ്രാന്‍സിലെ പകുതിയിലധികം പ്രദേശങ്ങളിലും ബുധനാഴ്ച അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. യുകെയിലും കൊടും ചൂട് തുടരുകയാണ്. ആയിരത്തിലേറെ സ്‌കൂളുകള്‍ ഭാഗികമായി അടച്ചിട്ടു.

ഉഷ്ണതരംഗം വരും ദിവസങ്ങളില്‍ നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ജര്‍മ്മനി തുടങ്ങിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ജര്‍മ്മനിയില്‍ വരും ദിവസങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. നിലവില്‍ ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളെയാണ് ഉഷ്ണതരംഗം ഏറ്റവും മാരകമായി ബാധിച്ചത്.

ഫ്രാന്‍സിലെ 58 പ്രദേശങ്ങളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 31 ഇടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. പാരീസ് മുതല്‍ ബ്രിട്ടാനി വരെയുള്ള പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും 40 ഡിഗ്രിക്ക് മുകളില്‍ ചൂട് തുടരും. ലാന്‍ഡസ് മേഖലയില്‍ കഴിഞ്ഞ ദിവസം ചൂട് 44.3 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു.

കടുത്ത ചൂട് ഫ്രാന്‍സിലെ വൈദ്യുത സംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ഫിനിസ്റ്റെര്‍ മേഖലയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതിനെ തുടര്‍ന്ന് 68,000-ത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടു. മൈന്‍-എറ്റ്-ലോയര്‍ മേഖലയിലെ ബ്രെയ്ഗ്‌നണ്‍ വനത്തിലുണ്ടായ കാട്ടുതീ കടുത്ത പ്രയത്‌നത്തിനൊടുവിലാണ് അഗ്‌നിശമനസേന നിയന്ത്രണവിധേയമാക്കിയത്.

ചൂട് വര്‍ദ്ധിച്ചതോടെ പാരീസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിന്റെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഈ മ്യൂസിയം ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ വൈകുന്നേരം 6 മണിക്ക് പകരം 4 മണിക്ക് തന്നെ അടയ്ക്കും. മ്യൂസിയത്തിന്റെ ചരിത്രപ്രസിദ്ധമായ കെട്ടിടത്തിന് കനത്ത ചൂട് താങ്ങാന്‍ ശേഷിയില്ലാത്തതിനാലും, സന്ദര്‍ശകരുടെ തിരക്ക് ചൂടിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നതിനാലുമാണ് ഈ മുന്‍കരുതല്‍.

ആഗോള ശരാശരിയേക്കാള്‍ ഇരട്ടി വേഗത്തിലാണ് യൂറോപ്പില്‍ താപനില ഉയരുന്നതെന്ന് കോപ്പര്‍നിക്കസ് ക്ലൈമറ്റ് സര്‍വീസ് വ്യക്തമാക്കുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് യൂറോപ്പിനെ ഈ രീതിയില്‍ ചുട്ടുപൊള്ളിക്കുന്നത്. വരും ദിവസങ്ങളില്‍ കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ ശക്തമായ ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആളൊരു ലൗഡ് സ്പീക്കര്‍! വിമാനം ഉയരുമ്പോഴുള്ള അത്രയും ശബ്ദം; ലോകത്തിലെ ഏറ്റവും ഒച്ചയുള്ള മനുഷ്യന്‍ ഇതാണ്!
അമേരിക്കയ്ക്ക് കിമ്മിന്റെ ചെക്ക്; വമ്പന്‍ യുദ്ധക്കപ്പല്‍ പുറത്തിറക്കി ഉത്തര കൊറിയ; നാവികശേഷിയില്‍ വന്‍ കുതിച്ചുചാട്ടം