മാധ്യമങ്ങളെ നിയന്ത്രിച്ച് സര്‍ക്കാര്‍; അക്ഷരങ്ങളില്‍ കറുപ്പ് പടര്‍ത്തി ഓസ്ട്രേലിയന്‍ പത്രങ്ങളുടെ പ്രതിഷേധം

By Web TeamFirst Published Oct 21, 2019, 11:02 AM IST
Highlights

''സര്‍ക്കാര്‍ നിങ്ങളില്‍ നിന്ന് സത്യങ്ങള്‍ മറച്ചുവയ്ക്കുമ്പോള്‍ അവര്‍ എന്താണ് ഒളിക്കുന്നത് ?'' എന്ന ചോദ്യമാണ് ചാനലുകള്‍ പ്രേക്ഷകരോട് ചോദിക്കുന്നത്. 

കാന്‍ബെറ: മാധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഓസ്ട്രേലിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ഒന്നാം പേജില്‍ കറുപ്പ് പടര്‍ത്തി പത്രങ്ങള്‍. ദേശീയ പ്രാദേശിക പത്രങ്ങളായ ദ ഓസ്ട്രേലിയന്‍, ദ സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ്, ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ, ഡയ്‍ലി ടെലിഗ്രാഫ് തുടങ്ങിയ പത്രങ്ങളാണ് ഒന്നാം പേജിലെ അക്ഷരങ്ങളില്‍ കറുപ്പ് പടര്‍ത്തി പത്രം പ്രിന്‍റ് ചെയ്തത്. 

രാജ്യത്തെ ചാനലുകളില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം പരസ്യമായി നല്‍കുന്നു; ''സര്‍ക്കാര്‍ നിങ്ങളില്‍ നിന്ന് സത്യങ്ങള്‍ മറച്ചുവയ്ക്കുമ്പോള്‍ അവര്‍ എന്താണ് ഒളിക്കുന്നത് ?'' എന്ന ചോദ്യമാണ് ചാനലുകള്‍ പ്രേക്ഷകരോട് ചോദിക്കുന്നത്. 

സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന രണ്ട് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചാനലുകളായ എബിസിയിലും ന്യൂസ് കോര്‍പ്പിലെയും മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഫെഡറല്‍ പൊലീസ് നടത്തിയ റെയ്ഡിന് ശേഷമാണ് പ്രതിഷേധം ശക്തമായത്. 

'' ന്യൂസ് കോര്‍പ്പ് ജേണലിസ്റ്റ് അന്നിക സ്മെത്ത്റസ്റ്റിന്‍റെ വീട്ടിലും എബിസിയുടെ ഹെഡ്ക്വാര്‍്ടടേഴ്സിലും പൊലീസ് റെയ്ഡ് നടത്തുന്നു. ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. ഇവര്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്'' മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ് ആന്‍റ് ആര്‍ട്സ് അലയന്‍സ് യൂണിയന്‍ തലവന്‍ പോള്‍ മര്‍ഫി പറഞ്ഞു. 

മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് റെയ്ഡിന് ശേഷം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടത്. സര്‍ക്കാര്‍ ഓസ്ട്രേലിയയിലെ ജനങ്ങള്‍ക്കിടയില്‍ ചാരപ്രവര്‍ത്തി നടത്തുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയതിനാണ് അന്നികയെ വേട്ടയാടുന്നത്. അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിനിടെ ഓസ്ട്രേലിയന്‍ സ്പെഷ്യല്‍ ഫോഴ്സ് അനധികൃതമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെന്ന് എബിസിയിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഓസ്ട്രേലിയയിലെ അപകീര്‍ത്തി നിയമം സങ്കീര്‍ണ്ണവും ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായതുമാണ്. മറ്റ് ജനാധിപത്യ രാജ്യങ്ങളെപ്പോലെ ഭരണഘടനാപരമായി ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയോ അതിനായി കരടുനിയമമോ ഓസ്ട്രേലിയയിലില്ല. 

അതേസമയം എപ്പോഴും മാധ്യമസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ നിയമത്തിന് മുകളില്‍ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!