ബ്രെക്സിറ്റ്: പുതിയ തന്ത്രവുമായി ബോറിസ് ജോൺസൺ; നിര്‍ണായകമാകുക രണ്ട് കത്തുകള്‍

By Web TeamFirst Published Oct 20, 2019, 10:36 AM IST
Highlights

ബ്രെക്സിറ്റ് കാലാവധി നീട്ടണമെന്ന് ബ്രസൽസിനോട് ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്തിൽ ബോറിസ് ജോൺസൺ ഒപ്പുവച്ചിട്ടില്ല

ലണ്ടന്‍: ബ്രെക്സിറ്റ് നീട്ടിവയ്ക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടണമെന്ന് ബ്രിട്ടീഷ് പാർലമെന്റ് പ്രമേയം പാസാക്കിയതിന് പിന്നാലെ പുതിയ തന്ത്രവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രധാനമന്ത്രി എന്ന നിലയിൽ കാലാവധി നീട്ടണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടുകൊണ്ടും വ്യക്തിപരമായി ബ്രക്സിറ്റ് കാലാവധി നീട്ടാതിരിക്കുന്നതാണ് ഉചിതമെന്ന് കാണിച്ചും രണ്ട് കത്തുകൾ ബോറിസ് ജോൺസൺ ബ്രസൽസിന് അയച്ചു. 

ബ്രെക്സിറ്റ് കാലാവധി നീട്ടണമെന്ന് ബ്രസൽസിനോട് ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്തിൽ ബോറിസ് ജോൺസൺ ഒപ്പുവച്ചിട്ടില്ല. പാ‍ർലമെന്‍റ് പാസാക്കിയ പ്രമേയം അതേപടി അദ്ദേഹം യൂറോപ്യൻ യൂണിയന് അയച്ചു. നിയമപരമായ ചുമതല നിർവഹിക്കാൻ നിർബന്ധിതനായി അയച്ച ഈ കത്തിന് പിന്നാലെ ബ്രെക്സിറ്റ് തിയ്യതി വൈകിപ്പിക്കുന്നത് തെറ്റാകുമെന്ന് വ്യക്തിപരമായി താൻ കരുതുന്നുവെന്ന് കാണിച്ച് യൂറോപ്യൻ യൂണിയന് ബോറിസ് ജോൺസൻ മറ്റൊരു കത്തുകൂടി അയച്ചു. ഈ കത്തിൽ അദ്ദേഹം ഒപ്പുവച്ചിട്ടുമുണ്ട്.

കാലാവധി നീട്ടാനുള്ള ആവശ്യം പുനഃപരിശോധിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്‍റംഗങ്ങളോട് യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് ഒരിക്കൽക്കൂടി ആവശ്യപ്പെടാൻ സാധ്യത നൽകുന്നതാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ കത്ത്. ബോറിസ് ജോൺസന്‍റെ കത്ത് കിട്ടിയെന്ന് സ്ഥിരീകരിച്ച യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് ചർച്ചകൾക്ക് ശേഷം പ്രതികരണം അറിയിക്കാമെന്ന് നിലപാടെടുത്തു.

മരിക്കേണ്ടിവന്നാലും യൂറോപ്യൻ യൂണിയനോട് ബ്രെക്സിറ്റ് കാലാവധി നീട്ടി ചോദിക്കില്ലെന്നായിരുന്നു പാർലമെന്റിലെ തിരിച്ചടിക്ക് ശേഷം ജോൺസൻ ആദ്യം പ്രതികരിച്ചത്. അടുത്ത വർഷം ജനുവരി വരെ ബ്രക്സിറ്റിനുള്ള കാലാവധി നീട്ടണമെന്ന് ആവശ്യപ്പെടാനാണ് ബ്രിട്ടീഷ് പാർലമെനന്‍റിൽ ഭേദഗതി പാസ്സായത്

click me!