നടക്കുന്നത് അമേരിക്കന്‍ സ്‌പോണ്‍സേഡ് സമരമെന്ന് ക്യൂബന്‍ പ്രസിഡന്റ്

By Web TeamFirst Published Jul 12, 2021, 11:12 PM IST
Highlights

കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ക്യൂബയില്‍ ഒരുവിഭാഗം പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. ഏകാധിപത്യം തുലയട്ടേയെന്ന മുദ്രാവാക്യവുമായി ആയിരങ്ങളാണ് രംഗത്തിറങ്ങിയത്.
 

ഹവാന: ക്യൂബയില്‍ സര്‍ക്കാറിനെതിരെ നടന്ന പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്കയാണെന്ന് പ്രസിഡന്റ് മിഗ്വേല്‍ ഡിയസ് കനേല്‍. ക്യൂബയെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കയുടെയും ക്യൂബന്‍ വിപ്ലവ വിരോധികളുടെയും ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പണം വാങ്ങിയ ഗ്രൂപ്പാണ് പ്രതിഷേധം നടത്തുന്നതെന്നും പ്രസിഡന്റ് ആരോപിച്ചു. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ അനുകൂലികളോട് രംഗത്തിറങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ക്യൂബയില്‍ ഒരുവിഭാഗം പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. ഏകാധിപത്യം തുലയട്ടേയെന്ന മുദ്രാവാക്യവുമായി ആയിരങ്ങളാണ് രംഗത്തിറങ്ങിയത്. ഹവാനയടക്കമുള്ള ക്യൂബന്‍ നഗരങ്ങളില്‍ നടന്ന പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. പലയിടത്തും പ്രക്ഷോഭകരും പൊലീസും തമ്മില്‍ സംഘര്‍ഷവും ഉണ്ടായി.

സ്വാതന്ത്ര്യം മുതല്‍ വാക്‌സിന്‍ വരെ; ക്യൂബയില്‍ മുഴങ്ങിയത് കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരായ ജനവികാരം

സാമ്പത്തികരംഗത്തെ തകര്‍ച്ചയാണ് പെട്ടെന്നുള്ള പ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്. വാക്‌സിനേഷന്റെ വേഗം കൂട്ടണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലാണ് രാജ്യം.  രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ ടൂറിസം നിശ്ചലമായതോടെയാണ് ക്യൂബയില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!