Asianet News MalayalamAsianet News Malayalam

സ്വാതന്ത്ര്യം മുതല്‍ വാക്‌സിന്‍ വരെ; ക്യൂബയില്‍ മുഴങ്ങിയത്  കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരായ ജനവികാരം

ചെറിയ പ്രതിഷേധങ്ങള്‍ നടക്കാറുണ്ടെങ്കിലും, അവയൊന്നും വ്യാപിച്ചിരുന്നില്ല. ഇതാദ്യമായാണ് ഒരു നഗരത്തില്‍ നിന്നാരംഭിച്ച പ്രക്ഷോഭം കാട്ടുതീപോലെ ക്യൂബയില്‍ പടര്‍ന്നത്. 
 

analysis cuban protesters demand freedom to covid vaccine
Author
Thiruvananthapuram, First Published Jul 12, 2021, 6:51 PM IST
  • Facebook
  • Twitter
  • Whatsapp

അസാധാരണമായിരുന്നു ആ കാഴ്ച. ഏകാധിപത്യം തുലയട്ടെ, എന്ന മുദ്രാവാക്യവുമായി ക്യൂബയില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് എതിരെ പതിനായിരങ്ങള്‍ തെരുവിലിറങ്ങി. തലസ്ഥാനമായ ഹവാനയിലടക്കം തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ സാമ്പത്തിക തകര്‍ച്ച, വ്യക്തിസ്വാതന്ത്ര്യം ഇല്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ വരെ ഉയര്‍ത്തിക്കാട്ടി. വാക്‌സിന്‍ അതിവേഗം ലഭ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴങ്ങി.  പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്, കമ്യൂണിസ്റ്റ് ഭരണകൂടത്തിന് എതിരെ ക്യൂബയില്‍ ഇത്ര വലിയ പ്രതിഷേധ പ്രകടനം നടക്കുന്നത്. ചെറിയ പ്രതിഷേധങ്ങള്‍ നടക്കാറുണ്ടെങ്കിലും, അവയൊന്നും വ്യാപിച്ചിരുന്നില്ല. ഇതാദ്യമായാണ് ഒരു നഗരത്തില്‍ നിന്നാരംഭിച്ച പ്രക്ഷോഭം കാട്ടുതീപോലെ ക്യൂബയില്‍ പടര്‍ന്നത്. 

അതിനിടെ, സര്‍ക്കാറിനെ പിന്തുണച്ചും ആയിരക്കണക്കിന് പേര്‍ രംഗത്തിറങ്ങി. അമേരിക്കയാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് വിളിച്ചു പറഞ്ഞായിരുന്നു സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങള്‍. 1950-ലെ കമ്യൂണിസ്റ്റ് വിപ്ലവത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് പ്രസിഡന്റ് മിഗുവല്‍ ഡയസ് ടെലിവിഷനിലൂടെ ആഹ്വാനം ചെയ്തതിനു പിന്നാലെയായിരുന്നു സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങള്‍.  പ്രതിഷേധം വ്യാപിച്ചതിനു തൊട്ടുപിന്നാലെ, പൊലീസും സുരക്ഷാ സൈന്യവും തെരുവിലിറങ്ങി. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്ന് ആരോപിച്ച് പൊലീസ് പ്രക്ഷോഭകരെ നേരിട്ടു. ലാത്തിച്ചാര്‍ജ് നടന്നു, ഒപ്പം, കണ്ണീര്‍വാതക പ്രേയാഗവും.  ബലപ്രയോഗ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ, ലോകമത് അമ്പരപ്പോടെ കണ്ടു. 

കൊവിഡ് രോഗം പടര്‍ന്നു പിടിക്കുകയും, വാക്‌സിനേഷന്‍ പദ്ധതികള്‍ എങ്ങുമെത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം എന്നത് ശ്രദ്ധേയമാണ്.  ക്യൂബ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സമ്പദ് വ്യവസ്ഥയില്‍ കഴിഞ്ഞ വര്‍ഷം 11 ശതമാനം ഇടിവ് സംഭവിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച. അമേരിക്കന്‍ ഉപരോധവും കൊവിഡ് മഹാമാരിയുമാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ പശ്ചാത്തലത്തിലാണ്, അസംതൃപ്തരായ ഒരു വിഭാഗം ജനങ്ങള്‍ തെരുവുകളിലേക്ക് ഇറങ്ങിയത്. പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ രാജി വയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ''ഇനിയുമിത് സഹിക്കാനാവില്ല, ഇതാണ് ആ ദിവസം. ഭക്ഷണമില്ല, മരുന്നില്ല, സ്വാതന്ത്ര്യമില്ല. അവര്‍ ഞങ്ങളെ ജീവിക്കാനും അനുവദിക്കുന്നില്ല. '' എന്നായിരുന്നു ഒരു പ്രക്ഷോഭകന്‍ മാധ്യമങ്ങളോട് വെട്ടിത്തുറന്നു പറഞ്ഞത്. 

 

 

രാജ്യത്തെ തകര്‍ക്കാനുള്ള അമേരിക്കന്‍ ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധമെന്ന് ടെലിവിഷനില്‍ നടത്തിയ പ്രസ്താവനയില്‍ പ്രസിഡന്റ്  പറഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ സര്‍വ്വശക്തിയും ഉപയോഗിച്ച് പൊരുതി വിപ്ലവ ഭരണകൂടത്തെ സംരക്ഷിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. 

തലസ്ഥാനമായ ഹവാനയ്ക്ക് തെക്കുപടിഞ്ഞാറു കിടക്കുന്ന സാന്‍ അന്‍േറാണിയോ ഡെ ലോസ് ബനാസ് എന്ന നഗരത്തിലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. ഉടന്‍തന്നെ പ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം വ്യാപിക്കുകയായിരുന്നു. പ്രക്ഷോഭം തല്‍സമയം സോഷ്യല്‍ മീഡിയ വഴി പരന്നു. ജനക്കൂട്ടം പൊലീസ് കാറുകള്‍ മറിച്ചിടുന്നതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കടകള്‍ ആക്രമിക്കുന്നതും സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ കാണാമായിരുന്നു. 

ക്യൂബയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ആശങ്കാജനകമാണെന്ന് ലാറ്റിനമേരിക്കയിലെ അമേരിക്കന്‍ സ്ഥാനപതി ജൂലി ചുംഗ് ട്വീറ്റ് ചെയ്തു. ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള ക്യൂബന്‍ പൗരന്‍മാരുടെ അവകാശത്തെ അമേരിക്ക പ ിന്തുണയ്ക്കുമെന്നും അവര്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios