സഞ്ചാർ സാഥിയേക്കാൾ വലിയ ഭീഷണി; ഏത് മെസഞ്ചറും നിശ്ചലമാകും, കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ടെക് വിദ​ഗ്ധൻ

Published : Dec 03, 2025, 09:40 PM IST
Mobile phone

Synopsis

6 മണിക്കൂർ ഓട്ടോ-ലോഗൗട്ട്, സിം ബൈൻഡിംഗ് തുടങ്ങിയ നിർദ്ദേശങ്ങൾ ഡിജിറ്റൽ ആശയവിനിമയത്തെ തന്നെ തകർക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: സഞ്ചാർ സാഥിയോടൊപ്പമോ അതിലും വലിയതോ ആയ ഭീഷണിയാണ് 'സിം ബൈൻഡിംഗ്' (SIM Binding) എന്ന പേരിൽ നിശബ്ദമായി നടപ്പിലാക്കാൻ ഒരുങ്ങുന്നതെന്ന മുന്നറിയിപ്പുമായി സാങ്കേതിക വിദ​ഗ്ധൻ അനിവർ അരവിന്ദ്. ഏത് മെസഞ്ചറും നിശ്ചലമാകുമെന്നും ഇതൊരു പ്രത്യേക ആപ്പിന്റെ മാത്രം പ്രശ്നമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നിങ്ങൾ ഉപയോഗിക്കുന്നത് സിഗ്നലോ ടെലഗ്രാമോ, വാട്‌സാപ്പോ എന്തുമാകട്ടെ, ഈ നിർദ്ദേശം നടപ്പിലായാൽ ഏത് മെസഞ്ചറും ഒരുപോലെ ഭീഷണിയിലാകും. സൈബർ തട്ടിപ്പുകൾ തടയാനെന്ന പേരിൽ ടെലികോം വകുപ്പ് (DoT) മുന്നോട്ട് വെക്കുന്ന 6 മണിക്കൂർ ഓട്ടോ-ലോഗൗട്ട്, സിം ബൈൻഡിംഗ് തുടങ്ങിയ നിർദ്ദേശങ്ങൾ ഡിജിറ്റൽ ആശയവിനിമയത്തെ തന്നെ തകർക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിം കാർഡ് ഇല്ലാത്ത ഡിവൈസിൽ മെസഞ്ചർ പ്രവർത്തിക്കില്ല എന്നതാണ് സിം ബൈൻഡിങ് വഴി പ്രധാനമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. വിദേശത്ത് പോയി ലോക്കൽ സിം ഇട്ടാൽ, നിങ്ങൾ ഉപയോഗിക്കുന്ന മെസഞ്ചർ ഏതായാലും അത് നിശ്ചലമാകും. ഒന്നിലധികം ഫോണുകളിൽ വാട്സ് ആപ് അടക്കമുള്ള മെസഞ്ചർ ആപ്പുകൾ ഉപയോ​ഗിക്കാനാകില്ല തുടങ്ങിയ നിർദേശങ്ങളാണ് നടപ്പാക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനിവര്‍ അരവിന്ദിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

സഞ്ചാർ സാത്തി നിർബന്ധിത പ്രീ ഇൻസ്റ്റാൾ പിൻവലിച്ചു; പക്ഷെ 'സിം ബൈൻഡിംഗ്' വഴി ഏത് മെസഞ്ചറിനും പൂട്ടു വീഴാം

ഞാനിപ്പോൾ ഈയാഴ്ച ഫിലാഡൽഫിയയിലാണ്. കഴിഞ്ഞ രാത്രി അപ്രതീക്ഷിതമായാണ് നാട്ടിലെ മാധ്യമ സ്ഥാപനങ്ങളിൽ നിന്നും കോളുകൾ വരാൻ തുടങ്ങിയത്. 'സഞ്ചാർ സാത്തി' ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ പിൻവലിച്ചതിനെക്കുറിച്ചുള്ള പ്രതികരണമാണ് അവർക്കറിയേണ്ടിയിരുന്നത്.

എന്റെ മറുപടി വ്യക്തമായിരുന്നു: "അത് പിൻവലിക്കുകയല്ലാതെ അവർക്ക് മറ്റ് വഴികളില്ലായിരുന്നു. യാഥാർത്ഥ്യബോധമില്ലാത്ത, വലിയ സ്വപ്നങ്ങൾ മാത്രം വിറ്റഴിക്കുന്ന ഒരു ഉദ്യോഗസ്ഥ ചടങ്ങ് (Bureaucratic ritual) മാത്രമായിരുന്നു ആ ഉത്തരവ്." എന്നാൽ സഞ്ചാർ സാത്തിയകടൊപ്പം അതിലും വലിയൊരു ഭീഷണി 'സിം ബൈൻഡിംഗ്' (SIM Binding) എന്ന പേരിൽ നിശബ്ദമായി നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.

ഏത് മെസഞ്ചറും നിശ്ചലമാകും

ഇതൊരു പ്രത്യേക ആപ്പിന്റെ മാത്രം പ്രശ്നമല്ല. നിങ്ങൾ ഉപയോഗിക്കുന്നത് സിഗ്നലോ ടെലഗ്രാമോ, വാട്‌സാപ്പോ എന്തുമാകട്ടെ, ഈ നിർദ്ദേശം നടപ്പിലായാൽ ഏത് മെസഞ്ചറും ഒരുപോലെ ഭീഷണിയിലാകും. സൈബർ തട്ടിപ്പുകൾ തടയാനെന്ന പേരിൽ ടെലികോം വകുപ്പ് (DoT) മുന്നോട്ട് വെക്കുന്ന 6 മണിക്കൂർ ഓട്ടോ-ലോഗൗട്ട്, സിം ബൈൻഡിംഗ് തുടങ്ങിയ നിർദ്ദേശങ്ങൾ ഡിജിറ്റൽ ആശയവിനിമയത്തെ തന്നെ തകർക്കുന്നതാണ്.

സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു:

ഏത് മെസഞ്ചർ ഉപയോഗിക്കണം, അത് ഏത് ഡിവൈസിൽ (ഫോൺ/ലാപ്ടോപ്പ്) ഉപയോഗിക്കണം എന്നത് ഉപയോക്താവിന്റെ തീരുമാനമാണ്. സിം കാർഡ് ഇല്ലാത്ത ഡിവൈസിൽ മെസഞ്ചർ പ്രവർത്തിക്കില്ല എന്നത് സാങ്കേതികവിദ്യയെ പിന്നോട്ട് നടത്തുന്നതാണ്. 

വിശ്വാസരാഹിത്യം ഹാർഡ്‌കോഡ് ചെയ്യുന്നു (Hardcoding Distrust):

നെറ്റ്‌വർക്ക് ലെയറിൽ തന്നെ പൗരനോടുള്ള അവിശ്വാസം ഉറപ്പിക്കുകയാണ്. വിദേശത്ത് പോയി ലോക്കൽ സിം ഇട്ടാൽ, നിങ്ങൾ ഉപയോഗിക്കുന്ന മെസഞ്ചർ ഏതായാലും അത് നിശ്ചലമാകും. 'മൊബിലിറ്റി' അഥവാ സഞ്ചാരത്തെ ഇത് സംശയത്തോടെയാണ് നോക്കിക്കാണുന്നത്.

മൾട്ടി-ഡിവൈസ് സൗകര്യം നഷ്ടമാകും:

വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയവ കമ്പ്യൂട്ടറിലോ ഒന്നിലധികം ഫോണുകളിലോ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. സിം കാർഡ് ഇട്ടിരിക്കുന്ന ഫോണിൽ മാത്രമേ ആപ്പ് പ്രവർത്തിക്കൂ എന്ന നിബന്ധന വന്നാൽ, ജോലിക്കും പഠനത്തിനും മറ്റും ലാപ്ടോപ്പുകളിൽ വാട്‌സാപ്പ് ഉപയോഗിക്കുന്നത് അസാധ്യമായേക്കാം.

ഏത് മെസഞ്ചർ ആയാലും അത് പ്രവർത്തിക്കാൻ സിം കാർഡ് എന്ന ഹാർഡ്‌വെയർ നിർബന്ധമാക്കുന്നതോടെ, ഇതൊരു 'പ്രൊപ്രൈറ്ററി കെ.വൈ.സി' (Proprietary KYC) സംവിധാനമായി മാറും. തേർഡ് പാർട്ടി ക്ലയന്റുകൾക്കും ഓപ്പൺ സോഴ്സ് ആപ്പുകൾക്കും പ്രവർത്തിക്കാൻ കഴിയാതാകും. ചുരുക്കത്തിൽ, സുതാര്യമായ പരിശോധനകൾക്ക് അവസരം നൽകാത്ത, അടച്ചുപൂട്ടപ്പെട്ട സാങ്കേതികവിദ്യകൾക്ക് ഉള്ളിൽ ജനങ്ങളെ തളച്ചിടാനേ ഇത് ഉപകരിക്കൂ.

ഇതൊരു പുതിയ കാര്യമല്ല.

സാങ്കേതികവിദ്യയുടെ പേരിൽ ജനങ്ങളെ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ശ്രമം ഇതാദ്യമല്ല.കോവിഡ് കാലത്ത് 'ആരോഗ്യസേതു' ആപ്പ് നിർബന്ധമാക്കിയപ്പോൾ അതിനെതിരെ 'അനിവർ അരവിന്ദ് v. യൂണിയൻ ഓഫ് ഇന്ത്യ' എന്ന കേസിൽ SFLC യുടെ സമ്മായത്തോടെ ഞാൻ നടത്തിയ നിയമപോരാട്ടം ഓർക്കുക. പൗരന്റെ അനുവാദമില്ലാതെ വിവരങ്ങൾ ചോർത്തരുതെന്നും ആപ്പ് നിർബന്ധമാക്കരുതെന്നും കർണാടക ഹൈക്കോടതി വിധിച്ചത് ആ പോരാട്ടത്തിന്റെ ഫലമായാണ്. ആ നിയമവിജയം നൽകുന്ന ആത്മവിശ്വാസത്തോടെ തന്നെ പറയട്ടെ, സിം ബൈൻഡിംഗിനെതിരെയും നാം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.

അധികാരപരിധിയുടെ ലംഘനം

ടെലികോം ബിൽ പാസാക്കുന്ന സമയത്ത് മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞത്, ഇന്റർനെറ്റ് ആപ്പുകൾക്ക് (OTTs) മേൽ ടെലികോം വകുപ്പിന് (DoT) അധികാരമില്ല എന്നാണ്. എന്നാൽ ഇപ്പോൾ നടക്കുന്നത് നേരെ മറിച്ചാണ്.ഇന്റർനെറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നോ ഉപയോക്താക്കളുടെ ആവശ്യങ്ങൾ എന്തെന്നോ മനസ്സിലാക്കാതെ ടെലികോം വകുപ്പ് നടത്തുന്ന ഇത്തരം ഇടപെടലുകൾ അപകടകരമാണ്.

ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ഐ.ടി മന്ത്രാലയത്തിന്റെ (MeitY) പരിധിയിലാണ് വരേണ്ടത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി തങ്ങളുടെ അധികാരം ടെലികോം വകുപ്പ് കവർന്നെടുക്കുന്നത്

ഇവിടെ ഉയരുന്ന പ്രധാന ചോദ്യം നിയമപരമാണ്. ഉപകരണങ്ങളെ സംബന്ധിച്ച (Device-governance) നിയമങ്ങൾ കൊണ്ടുവരേണ്ടത് DoT അല്ല, മറിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ആണ്.

2015-16 കാലഘട്ടത്തിൽ ഫോണുകളിലെ ഇന്ത്യൻ ഭാഷാ കീബോർഡ് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ ബി.ഐ.എസ്സുമായി (BIS) ചേർന്ന് രണ്ട് വർഷത്തിലധികം പ്രവർത്തിച്ച അനുഭവത്തിൽ നിന്ന് പറയട്ടെ, ഉപകരണങ്ങളിൽ എന്ത് സോഫ്റ്റ്‌വെയർ വേണം, അത് എങ്ങനെ പ്രവർത്തിക്കണം എന്നത് BIS-ന്റെ പരിധിയിൽ വരുന്ന സാങ്കേതിക മാനദണ്ഡമാണ്. അത് DoT-യുടെ ഉത്തരവുകൾ വഴി നടപ്പിലാക്കേണ്ട ഒന്നല്ല.

DoT-യുടെ അധികാരം നെറ്റ്‌വർക്കിലും സ്പെക്ട്രത്തിലും ഒതുങ്ങിനിൽക്കുന്നതാണ്. പൗരന്മാരുടെ സ്വകാര്യ ഉപകരണങ്ങളെ നിയന്ത്രിക്കാനോ അവയ്ക്കുള്ളിൽ കൈകടത്താനോ അവർക്ക് അധികാരമില്ല.

സഞ്ചാർ സാത്തി വിഷയത്തിൽ പ്രതിഷേധം ഉയർന്നപ്പോൾ PIB വിശദീകരണവുമായി വന്നത് നമ്മൾ കണ്ടതാണ്. എന്നാൽ സിം ബൈൻഡിംഗ് എന്ന, ഏത് മെസഞ്ചറിനെയും കൂച്ചുവിലങ്ങിടുന്ന ഈ വിചിത്ര ഉത്തരവിനെതിരെയും ഇതേ ജാഗ്രത നാം കാണിക്കേണ്ടതുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സ്കോച്ച് കുടിച്ച് കട അടിച്ചു തകർത്ത് 'റക്കൂൺ', കണ്ടെത്തിയത് ശുചിമുറിയിൽ
അന്ന് വിൽക്കാനിട്ടപ്പോൾ ആര്‍ക്കും വേണ്ട, എന്ത് ചെയ്യണമെന്നറിയാതെ പാകിസ്താൻ, കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്