ബുഡാപെസ്റ്റ്: റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെതിരെ ഭീഷണിയുമായി പോളണ്ട്. തങ്ങളുടെ രാജ്യത്തിന്‍റെ വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നാൽ പുടിനെ അറസ്റ്റ് ചെയ്യുമെന്നാണ് പോളണ്ടിന്‍റെ ഭീഷണി. പുടിനെതിരെ രാജ്യാന്തര അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്നും പോളണ്ടിന്‍റെ വ്യോമാതിർത്തിയിൽ കയറിയാൻ പുടിനെ ആ നിമിഷം തന്നെ അറസ്റ്റ് ചെയ്തിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഹംഗറിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ, തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു പോളണ്ടിന്‍റെ ഭീഷണി. മോസ്കോയിൽ നിന്ന് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കുള്ള എളുപ്പത്തിലുള്ള വ്യോമപാത പോളണ്ട് വഴിയുള്ളതാണ്. എന്നാൽ ബൾഗേറിയൻ വ്യോമപാതയിലൂടെയും റഷ്യയിൽ നിന്ന് ഹംഗറിയിലെത്താം. പോളണ്ടിന്‍റെ ഭീഷണിക്ക് പിന്നാലെ തങ്ങളുടെ വ്യോമപാത പുടിനായി തുറന്ന് നൽകാൻ തയ്യാറാണെന്ന് ബൾഗേറിയ അറിയിച്ചിട്ടുണ്ട്. എന്നാൽ ഹംഗറിയിലെ പുടിൻ - ട്രംപ് ഉച്ചകോടി നടക്കാൻ സാധ്യതയില്ലെന്നതാണ് ഏറ്റവും പുതിയ വിവരം.
റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച താൻ മാറ്റിവെച്ചതായി യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അതിനിടെ വ്യക്തമാക്കി. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കായി സമയം പാഴാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഇത്. ഹംഗറിയിലെ ബുഡാപെസ്റ്റിൽ വെച്ച് നടത്താൻ കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ച കൂടിക്കാഴ്ചയാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. സമയം പാഴാക്കുന്ന ഒരു മീറ്റിംഗിന് ഞാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നായിരുന്നു ട്രംപ് പറഞ്ഞത്.
നയതന്ത്ര ചർച്ചകൾക്ക് സമയം നീട്ടിക്കൊടുത്ത് യുദ്ധക്കളത്തിൽ നേട്ടമുണ്ടാക്കാൻ പുടിൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന യൂറോപ്യൻ നേതാക്കൾക്ക് ട്രംപിൻ്റെ മനംമാറ്റം ആശ്വാസമാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡൻ്റ്, ജാൻമൻ ചാൻസലർ എന്നിവരടക്കമുള്ള യൂറോപ്യൻ നേതാക്കൾ, സമാധാനത്തിനായി റഷ്യ പിടിച്ചെടുത്ത യുക്രൈൻ ഭൂമി വിട്ടുകൊടുക്കാനുള്ള ട്രംപിൻ്റെ നിർദ്ദേശത്തെ എതിർത്തിരുന്നു. യുക്രെയ്ൻ്റെ യുദ്ധസഹായത്തിനായി മരവിപ്പിച്ച റഷ്യൻ ആസ്തികളിൽ നിന്ന് കോടിക്കണക്കിന് ഡോളർ ഉപയോഗിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനും യൂറോപ്യൻ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.