
ദോഹ: അറബ്, ഇസ്ലാമിക് ഐക്യത്തിൽ വലിയ ചലനങ്ങൾക്ക് വഴിയൊരുക്കി ഖത്തറിൽ സമാപിച്ച അടിയന്തര ഉച്ചകോടി. ചർച്ചയിൽ നേതാക്കളുയർത്തിയ നിർദേശങ്ങളും പ്രധാന നേതാക്കളുടെ നേരിട്ടുള്ള പങ്കാളിത്തവും മേഖലയുടെ ശക്തമായ വികാരത്തിന്റെ പ്രതിഫലനമായി.
ഇന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഖത്തറിലെത്തും. തുർക്കി പ്രതിരോധ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇസ്രയേലിനെ ഒന്നിച്ച് നേരിടാൻ ആഹ്വാനം ചെയ്ത് ഇറാൻ. ഡിഫൻസ് കൗൺസിൽ വിളിച്ചു ചേർക്കാൻ ജിസിസി കൗൺസിൽ തീരുമാനിച്ചു. അറബ് - ഇസ്ലാമിക് ലോകത്തെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഐക്യത്തിന്റെ ശക്തി പ്രകടനമായി മാറി ദോഹയിലെ ഉച്ചകോടി.
ഇറാൻ പ്രസിഡണ്ട് നേരിട്ടെത്തിയത് ശ്രദ്ധേയമായി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ, സിറിയ പ്രസിഡണ്ടുമാരെ പ്രത്യേകം കണ്ടു. ഭാവി വെല്ലുവിളികളെ നേരിടാൻ പ്രതിരോധ സഹകരണം തുർക്കി വാഗ്ദാനം ചെയ്തു. അറബ് - ഇസ്ലാമിക് ലോകത്തെ ഒരാളെ ആക്രമിച്ചാൽ അത് കൂട്ടായ്മയിലെ എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കാൻ നിർദേശമുയർന്നു. അബ്രഹാം കരാറിനെ ഉൾപ്പടെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
പ്രതിരോധ രംഗത്തുൾപ്പെടെ ഒന്നിച്ച് നിന്ന് ചെറുക്കാനും ജിസിസി കൂട്ടായ്മ തൂരുമാനിച്ചു. ഉച്ചകോടിക്ക് പിന്നാലെ നാളെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഖത്തറിലെത്തും. ഖത്തറിന് പിന്തുണ അറിയിച്ചേക്കും. ഇസ്രയേൽ സന്ദർശനത്തിന് ശേഷമാണ് മാർക്കോ റൂബിയോ ഖത്തറിലെത്തുന്നത്. എന്താകും ഖത്തർ നേതാക്കളുടെ മുന്നിൽ വെച്ചെടുക്കുന്ന പരസ്യ നിലപാടെന്നത് ശ്രദ്ധേയമാണ്. അറബ്- ഇസ്ലാമിക് ഉച്ചകോടിയിൽ ഖത്തറിന് പിന്തുണയും ഇസ്രയേലിന് അതിരൂക്ഷ വിമര്‍ശനവുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam