ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യുക സങ്കീർണം; അമേരിക്ക തടഞ്ഞുവെച്ചത് ഇറാന്‍റെ 1200 കോടി ഡോളർ, നേരിട്ടുള്ള ചർച്ചകൾ ഇപ്പോഴില്ലെന്ന് ഖത്തർ

Published : Jul 01, 2026, 12:52 PM IST
Strait of Hormuz

Synopsis

ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യുന്നത് സങ്കീർണമാണെന്നും ഇതിന് അന്താരാഷ്ട്ര സഹായം വേണമെന്നും ഖത്തർ വ്യക്തമാക്കുന്നു. അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടക്കുന്നില്ലെന്നും, മരവിപ്പിച്ച ഫണ്ടുകൾ സംബന്ധിച്ച തർക്കങ്ങൾ തുടരുന്നതായും ഖത്തർ വെളിപ്പെടുത്തി.

ദോഹ: ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യുക സങ്കീർണമാണെന്നും അന്താരാഷ്ട്ര വിദഗ്ദരുടെ സേവനം ആവശ്യമാണെന്നും ഖത്തർ. അമേരിക്ക - ഇറാൻ സമാധാന ധാരണയുടെ ഭാഗമായ നേരിട്ടുള്ള ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ലെന്നും ഖത്തർ വ്യക്തമാക്കി. അമേരിക്ക തടഞ്ഞുവെച്ച ഇറാന്റെ സ്വത്തുക്കളിൽ 1200 കോടി ഡോളർ നേരിട്ട് ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ പറഞ്ഞു. അതേസമയം ഇറാനുമായി ചർച്ചകൾക്ക് തന്നെയാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് മുൻതൂക്കം നൽകുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

അവകാശ വാദങ്ങൾക്കപ്പുറം അമേരിക്ക - ഇറാൻ ചർച്ചകൾ മുന്നോട്ടു നീങ്ങാതെ എവിടെയാണ് തട്ടി നിൽക്കുന്നതെന്ന് വിശ്വസ്ത മധ്യസ്ഥനായ ഖത്തർ പറയുന്നു. ധാരണയിലെ ആദ്യ നടപടിയായ ഹോർമൂസിലെ മൈനുകൾ നീക്കം ചെയ്യുക എളുപ്പമല്ല. അതിന് അന്താരാഷ്ട്ര സഹായം ഖത്തർ ആവശ്യപ്പെട്ടു. എന്നാൽ ഹോർമൂസിൽ തങ്ങൾ മാത്രമാണ് എല്ലാം ചെയ്യുകയെന്ന കടുപിടുത്തത്തിലാണ് ഇറാൻ. മേഖലയിലെ രാജ്യങ്ങളുടെ സമവായത്തോടെയാണ് അന്താരാഷ്ട്ര ഇടപെടൽ വേണ്ടതെന്ന് ഖത്തർ വ്യക്തമാക്കി. ഒമാൻ കൂടി ചേർന്ന് തുറന്ന സുരക്ഷിത നാവിക ഇടനാഴി ഇറാൻ ആക്രമിച്ച് അടപ്പിച്ചിരിക്കെ ഈ നിലപാട് പ്രാധാന്യമുള്ളതാണ്. അമേരിക്കൻ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജെറദ് കുഷ്നറും ദോഹയിലുണ്ടെങ്കിലും ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ഇപ്പോഴുമില്ല. ഖത്തറുമായി ഇരു വിഭാഗവും സംസാരിക്കുന്നു. സാങ്കേതിക വിഷയങ്ങളിൽ മാത്രം ചർച്ചകൾ നടക്കുന്നുണ്ട്. പരസ്പര ധാരണകൾ പാലിച്ച് ചർച്ചകൾ മുന്നോട്ടു കൊണ്ടു പോകുന്നതിൽ തടസങ്ങളുണ്ടെന്നാണ് ചുരുക്കം.

ഹോർമൂസിന് പുറമെ, ഇറാന് ലഭിക്കേണ്ട ഇളവുകൾ, ഫണ്ട് എന്നിവയിലാണ് പ്രധാന പ്രശ്നം. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കളിൽ 1200 കോടി ഡോളർ സെൻട്രൽ ബാങ്കിന് നേരിട്ട് ലഭിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. അമേരിക്കൻ കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന തരത്തിൽ ഇവ വിനിയോഗിക്കുമെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു. ഇറാന്റെ ഫണ്ടുകൾ ഖത്തർ നേരിട്ടല്ല നൽകുന്നത് എന്ന് ഇക്കാര്യത്തിൽ ഖത്തർ വ്യക്തത വരുത്തി. ഖത്തർ, അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന മധ്യസ്ഥൻ മാത്രമാണ് എന്ന് ഖത്തർ വിദേശകാര്യ വക്താവ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലാഹോറിൽ ട്യൂഷൻ സെന്റർ തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം, മുകൾ നിലയിലെ ടൈൽ പണിക്കിടെയാണ് കെട്ടിടം തകർന്നത്
'ആദ്യം വെടിനിർത്തൽ കരാർ വ്യവസ്ഥകൾ നടപ്പാക്കൂ', ദോഹയിൽ ഇറാന്റെ നിർണായക നീക്കം, 'യുഎസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചയ്ക്കില്ല'