
ദോഹ: ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ മധ്യസ്ഥശ്രമങ്ങൾ ഖത്തർ അവസാനിപ്പിച്ചതായി റിപ്പോർട്ട്. അൽ അറബിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹമാസ് - ഇസ്രായേൽ വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥ രാഷ്ട്രമാണ് ഖത്തർ. ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെ സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു. നിലവിൽ രാജ്യത്തെ സ്ഥിതി സുരക്ഷിതമാണെന്നും ഔദ്യോഗിക വിവരങ്ങളെ ആശ്രയിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, ഖത്തറിൽ ഇസ്രായേൽ ആക്രമണം നടത്തിയത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുമതിയോടെയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖത്തറിലെ കത്താറയിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേനയും (IDF) ഇസ്രായേലി സുരക്ഷാ ഏജൻസിയും (ISA) സ്ഥിരീകരിച്ചു. ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നടത്തിയതെന്നാണ് വിവരം. ഒക്ടോബർ 7 ലെ ആക്രമണങ്ങൾ ഉൾപ്പെടെ ഇസ്രായേലിനെതിരെയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ലക്ഷ്യമിട്ട ഹമാസ് നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ഇസ്രായേൽ ആരോപണം. ഖത്തറിലെ ഹമാസ് നേതൃത്വത്തിനെതിരെയുള്ള ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതായി ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു.
ഖലീൽ അൽ ഹയ്യ, സാലിഹ് അൽ അരൂരി ഡെപ്യൂട്ടി സഹെർ ജബാരിൻ എന്നിവരുൾപ്പെടെ ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലക്ഷ്യമിട്ട ഹമാസ് നേതാക്കൾ വെടിനിർത്തൽ നിർദ്ദേശം ചർച്ച ചെയ്യാൻ യോഗം ചേർന്നിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഗാസ മുനമ്പിൽ വെടിനിർത്തൽ സംബന്ധിച്ച ട്രംപിന്റെ നിർദ്ദേശത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ഹമാസ് ചർച്ചാ പ്രതിനിധി സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തെ
സംഭവത്തെ ഖത്തർ അപലപിച്ചു. ഹമാസിന്റെ നേതാക്കളെ പാർപ്പിച്ചിരുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയുള്ള ആക്രമണം ഭീരുത്വം നിറഞ്ഞതാണെന്നും ഖത്തർ വിശേഷിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam