എലിസബത്ത് രാജ്ഞി അന്തരിച്ചു, വിടവാങ്ങല്‍ കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തില്‍

Published : Sep 08, 2022, 11:08 PM ISTUpdated : Sep 09, 2022, 01:59 PM IST
എലിസബത്ത് രാജ്ഞി അന്തരിച്ചു, വിടവാങ്ങല്‍ കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തില്‍

Synopsis

ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ  വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു. 

ലണ്ടൻ: കിരീടധാരണത്തിന്‍റെ എഴുപതാം വർഷത്തിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു. 96 വയസായിരുന്നു.  സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലില്‍ അന്ത്യസമയത്ത് രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. 

1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെ 1952 ല്‍ 25 കാരിയായ എലിസബത്ത് രാജ്യഭരണം ഏറ്റു. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത്. 2002 ൽ രാജഭരണത്തിന്‍റെ സുവ‍‍ർണ ജൂബിലിയും 2012 ൽ വജ്ര ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോ‍ർഡ് മറികടന്നു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളും കൂടിയാണ് രാജ്ഞി.

1947 ൽ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടന്‍റെ രാജ്ഞിയാകുന്നത്. അന്നത് സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്നു. കോമൺവെൽത്ത് രാജ്യങ്ങളെല്ലാം എലിസബത്ത് സന്ദർശിച്ചു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയും എലിസബത്തായിരുന്നു. അതേസമയം രാജഭരണത്തിന്‍റെ മാറുന്ന മുഖം അംഗീകരിക്കാനും അവർ മടികാണിച്ചില്ല.ആധുനികവൽകരണത്തോട് മുഖംതിരിച്ചുമില്ല. രാജ്ഞിയെ ഏറ്റവും പിടിച്ചുലച്ച ചുരുക്കം സംഭവങ്ങളിലൊന്ന് രണ്ട് മക്കളുടെ വിവോഹമോചനമായിരുന്നു. 

ചാൾസിന്‍റെയും ഡയാനയുടെയും വിവാഹമോചനമാണ് പിന്നീട് ലോകം ശ്രദ്ധിച്ചത്. പിന്നീടുണ്ടായ ഡയാനയുടെ മരണം കൊട്ടാരത്തെ മാത്രമല്ല, ലോകത്തെയും ഞെട്ടിച്ചു. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടു. കൊട്ടാരത്തിന് നേർക്ക് സംശയത്തിന്‍റെ മുനകൾ നീണ്ടു. പക്ഷേ അപ്പോഴും പരസ്യമായ വികാരപ്രകടനങ്ങളിൽ നിന്ന് അകലം പാലിച്ചു എലിസബത്ത്. ഒരു ഭരണാധികാരി അങ്ങനെയാവണം എന്നായിരുന്നു അവരുടെ വിശ്വാസ പ്രമാണം. 

PREV
click me!

Recommended Stories

പലസ്തീൻ പോപുലർ ഫോഴ്‌സസ് നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു; ഗാസയിൽ ഇസ്രയേലിന് കനത്ത തിരിച്ചടി; മരിച്ചത് ഹമാസ് വിരുദ്ധ ചേരിയുടെ നേതാവ്
ജെയ്ഷെയുടെ ചാവേര്‍ പടയാകാൻ 5000ലധികം വനിതകൾ, റിക്രൂട്ട് ചെയ്തവരെ നയിക്കാൻ സാദിയ, ദൈവത്തിന്റെ അനുഗ്രഹമെന്ന് മസൂദ്