എലിസബത്ത് രാജ്ഞിയുടെ ഭൗതികദേഹവുമായി വിലാപയാത്ര എഡിൻബറോയിലേക്ക്: വിട പറയാൻ വഴിയരികിൽ കാത്തു നിന്നത് ആയിരങ്ങൾ

By Web TeamFirst Published Sep 11, 2022, 8:16 PM IST
Highlights

ബാൽമോറൽ കൊട്ടാരത്തിൽ നിന്നും ആറ് മണിക്കൂറിലേറെ സഞ്ചരിച്ച് വിലാപയാത്ര എഡിൻബറോയിലെ ഹോളിറൂഡ് കൊട്ടാരത്തിൽ അവസാനിക്കും

ലണ്ടൻ: ബാൽമോറൽ കൊട്ടാരത്തിൽ നിന്ന് എലിസബത്ത് രാജ്ഞിയുടെ ഭൗതിക ദേഹവും വഹിച്ചുകൊണ്ടു പുറപ്പെട്ട അന്തിമയാത്ര സ്കോട്ട്ലണ്ടിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്ര തുടരുന്നു. ബാൽമോറൽ കൊട്ടാരത്തിൽ നിന്നും ആറ് മണിക്കൂറിലേറെ സഞ്ചരിച്ച് വിലാപയാത്ര എഡിൻബറോയിലെ ഹോളിറൂഡ് കൊട്ടാരത്തിൽ അവസാനിക്കും. ഇവിടെ പൊതുജനങ്ങൾക്ക് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടാക്കും. 

റോയൽ സ്കോട്ലൻഡ് സ്റ്റാൻഡേർഡ് പതാക പുതച്ച്, റീത്തുകളാൽ അലങ്കരിക്കപ്പെട്ട രാജകീയ വാഹനത്തിലാണ് എലിസബത്ത് രാജ്ഞിയുടെ ഭൗതിക ശരീരം അന്ത്യയാത്രക്ക്  പുറപ്പെട്ടത്. ഇന്ന് രാവിലെ ബ്രിട്ടീഷ് സമയം പത്തുമണിയോടെ ബാൽമോറൽ കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ട ഈ വാഹനം ആബർഡീൻറെ പ്രാന്തങ്ങളിലൂടെ സഞ്ചരിച്ച്, ഡൺഡിയും ക്വീൻസ്ഫെറി ക്രോസിംഗും പിന്നിട്ട് ഏതാണ്ട് ആറുമണിക്കൂറോളമെടുത്താണ് എഡിൻബറോയിലെ ഔദ്യോഗിക വസതിയായ ഹോളിറൂഡ് ഹൗസ് പാലസിൽ എത്തിച്ചേരുക. രാജ്ഞിയെ പ്രാണനുതുല്യം സ്നേഹിച്ചിരുന്ന നിരവധി പേർ ഈ യാത്രയിൽ ഉടനീളം അവരെ  ഒരുനോക്കു കാണാൻ വേണ്ടി കാത്തുനിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.

സ്കോട്ട്ലാന്ഡിന്റെ ഗ്രാമഗ്രാമാന്തരങ്ങൾ താണ്ടിയുള്ള ആ ദീർഘയാത്ര ഉടനീളം ഹെലിക്യാമിൽ പകർത്തി തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ ഹോളിറൂഡ് കൊട്ടാരത്തിൽ നിന്ന്  ഘോഷയാത്രയായി രാജ്ഞിയുടെ ഭൗതിക ശരീരം എഡിൻബറോയിലെ സെന്റ് ജൈൽസ് കത്തീഡ്രലിലേക്ക് കൊണ്ടുപോകും. അവിടെ അടുത്ത 24 മണിക്കൂർ നേരം അത് പൊതുദർശനത്തിനായി സൂക്ഷിക്കപ്പെടുന്ന ദേഹം അടുത്ത ദിവസം കത്തീഡ്രലിൽ നിന്ന് റോഡുമാർഗം എഡിൻബറോ വിമാനത്താവളത്തിലേക്കും അവിടെ നിന്ന് വായുമാർഗം RAF നോർത്തോൾട്ട് വിമാനത്താവളത്തിലേക്കും എത്തിക്കും. അവിടെ നിന്ന് വീണ്ടും റോഡുമാർഗം ഭൗതിക ശരീരം ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് കൊണ്ടുപോകും.  ബാക്കിയുള്ള സംസ്കാര ചടങ്ങുകൾ നടക്കുക അങ്ങ് ലണ്ടനിൽ വെച്ചാവും.

click me!