
കാഠ്മണ്ഡു: നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി റാം ചന്ദ്ര പൗഡലിനെ തിരഞ്ഞെടുത്തു. ഈ മാസം 12നാണ് പൗഡൽ പുതിയ പ്രസിഡന്റായി റാം ചന്ദ്ര പൗഡൽ അധികാരമേൽക്കുന്നത്. നേപ്പാളി കോൺഗ്രസും സിപിഎൻ (മാവോയിസ്റ്റ് സെന്റർ) ഉൾപ്പെടുന്ന എട്ട് കക്ഷി സഖ്യത്തിന്റെ പൊതു സ്ഥാനാർത്ഥിയായ പൗഡലിന് 214 പാർലമെന്റ് നിയമസഭാംഗങ്ങളുടെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ട് ലഭിച്ചു.
റാം ചന്ദ്ര പൗഡലിനെ അഭിനന്ദിച്ച് നേപ്പാളി കോൺഗ്രസ് അധ്യക്ഷൻ ശേർ ബഹാദൂർ ദ്യൂബ രംഗത്തെത്തി. പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്തിന് അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. നിലവിലെ പ്രസിഡന്റ് ബിദ്യാ ദേവി ബണ്ഡാരിയുടെ കാലാവധി മാർച്ച് 12ന് അവസാനിക്കും. പാർലമെന്റിലെ 332 അംഗങ്ങളും ഏഴ് പ്രവിശ്യാ അസംബ്ലികളിലെ 550 അംഗങ്ങളും ഉൾപ്പെടെ 882 വോട്ടുകളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി ഉള്ളത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 518 പ്രവിശ്യാ അസംബ്ലി അംഗങ്ങളും 313 പാർലമെന്റ് അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് ഷാലിഗ്രാം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പൗഡൽ നേരത്തെ തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പാർലമെന്റിലേയും പ്രവിശ്യകളിലേയും അംഗങ്ങൾ തനിക്ക് വോട്ടു ചെയ്യുമെന്ന് പൂർണ്ണമായും ഉറപ്പുണ്ടായിരുന്നു. എന്റെ ദീർഘകാല സമരജീവിതത്തിൽ അവർ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേപ്പാളില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് നേതാവ് അധികാരത്തില്‍; പ്രചണ്ഡക്ക് ആശംസകളുമായി മോദി
അഞ്ചു വർഷമാണ് ഒരു പ്രസിഡന്റിന്റെ കാലാവധി. ഓരോ വ്യക്തിക്കും രണ്ടു തവണയാണ് മത്സരിക്കാനുള്ള അവസരം ലഭിക്കുന്നത്. 1944 ഒക്ടോബർ 14ന് ബഹുൽപൊഖാരിയിലെ മധ്യവർഗ കർഷക കുടുംബത്തിലാണ് പൗഡൽ ജനിച്ചത്. 16ാം വയസ്സിലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. നേപ്പാളി കോൺഗ്രസിന്റെ സ്റ്റുഡന്റ് വിങ് നേപ്പാളി സ്റ്റുഡന്റ് യൂണിയന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു പൗഡൽ. 1970ലായിരുന്നു യൂണിയന്റെ രൂപീകരണം. 1991ലാണ് പൗഡൽ ആദ്യമായി നിയമനിർമ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. തന്നു ജില്ലയിൽ നിന്ന് പിന്നീട് തുടർച്ചയായി ആറു തവണ കൂടി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam