
സ്വിറ്റ്‌സർലണ്ടിലെ വടക്കുപടിഞ്ഞാറൻ സബർബസിൽ ഉള്ള ഒരു അപ്പാർട്ട്മെന്റിൽ വെച്ച് ഒരു യുവതി ബലാത്‌സംഗം ചെയ്യപ്പെട്ടു. പോർച്ചുഗീസുകാരനായ ഒരു 33 കാരനും അയാളുടെ സുഹൃത്തായ മറ്റൊരു 17 കാരനും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. എന്നാൽ, 2020 ഫെബ്രുവരിയിൽ നടന്ന ഈ കുറ്റകൃത്യത്തിന്റെ വിചാരണ കോടതിയിൽ എത്തിയപ്പോൾ, യുവതിക്ക് നേരിടേണ്ടി വന്ന ബലാത്സംഗം വെറും 11 മിനിട്ടു നേരം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പേരിൽ കുറ്റാരോപിതരുടെ ജയിൽ ശിക്ഷ പകുതിയായി കുറച്ചു നൽകിക്കൊണ്ട് ജഡ്ജ് ഉത്തരവിട്ടു.
പീഡനത്തിൽ യുവതിക്ക് കാര്യമായ ശാരീരിക പരിക്കുകൾ ഒന്നും തന്നെ നേരിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗം സംബന്ധിച്ചുള്ള സ്വിറ്റ്സർലൻഡിലെ നിയമങ്ങൾ വിചിത്രമാണ്. ബലാൽക്കാരമായി, അക്രമങ്ങളുടെ അകമ്പടിയോടെ നടക്കുന്ന സെക്സ് മാത്രമേ അവിടെ ബലാത്‌സംഗത്തിന്റെ പരിധിയിൽ വരൂ. പീഡനത്തെ അതിജീവിക്കുന്ന സ്ത്രീകളിൽ നിന്ന് കൃത്യമായ പരാതികൾ ഉണ്ടായില്ല എങ്കിൽ മിക്കവാറും പല കേസുകളും സെക്ഷ്വൽ ഹരാസ്മെന്റ് എന്ന നിർവ്വചനത്തിലാണ് പെടുക.
എന്നാൽ ഈ വിധി വന്നപാടെ കടുത്ത വിമർശനങ്ങൾക്കും ഇത് കാരണമായിട്ടുണ്ട്. നിരവധി പേർ വിധിയുടെ നീതികേടിനെ ഉയർത്തിക്കാട്ടിക്കൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. പതിനൊന്നു മിനിട്ടു നേരത്തെ ബലാത്സംഗം അതിന് ഇരയാകുന്ന സ്ത്രീക്ക് പതിനൊന്നു മണിക്കൂർ ആയിട്ടാണ് അനുഭവപ്പെടുക എന്നും, അതിന്റെ മാനസിക ആഘാതം അവരെ മരണം വരെയും പിന്തുടരുമെന്നും മറ്റൊരു യുവതി കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam