
കാഠ്മണ്ഡു: നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ബാലേന്ദ്ര ഷാ, ജെന്‍ സീ പ്രക്ഷോഭകാരികള്‍ക്ക് റാപ്പര്‍ ബലെന്‍ ഷായാണ്. യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുളള യുവ നേതാവ്, രാഷ്ട്രീയത്തിലേക്ക് സ്വയം വഴിവെട്ടി വന്നതാണ് ബാലേന്ദ്ര ഷാ.
ഗാനരചയിതാവ്, ഗായകന്‍ എന്നീ നിലകളിലാണ് ബാലേന്ദ്ര ഷാ എന്ന ബലെന്‍ നേപ്പാളി യുവാക്കള്‍ക്കിടയില്‍ തരംഗമായത്. ഹിപ് ഹോപ്പ് സംഗീത ശാഖയിലൂടെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ പാടിയതോടെ ഷായെ രാഷ്ട്രീയ ലോകവും ശ്രദ്ധിച്ചുതുടങ്ങി. ദാരിദ്ര്യവും തൊഴിലില്ലായ്മയും വികസനമില്ലായ്മയുമെല്ലാം റാപ്പില്‍ മാസ്മരികതയായപ്പോള്‍ നേപ്പാളി യുവത്വം ഏറ്റെടുത്തു. യുട്യൂബില്‍ ഏഴ് മില്യണ്‍ കാഴ്ചക്കാരുളള ബലിദാന്‍ എന്ന ആല്‍ബം നിരാശയിലാണ്ട നേപ്പാളിലെ യുവാക്കള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചമായി.
ബാലേന്ദ്ര ഷായില്‍ യുവത്വം കണ്ട പ്രതീക്ഷയാണ് അദ്ദേഹത്തെ 2022ല്‍ കാണ്ഡ്മണ്ഠുവിന്‍റെ നഗര പിതാവാക്കിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ കെട്ടിലും മട്ടിലും യഥാര്‍ഥ ദേശീയവാദിയായിരുന്നു ബാലേന്ദ്ര. വസ്ത്രധാരണത്തിലടക്കം വ്യത്യസ്തത പുലര്‍ത്തി. തോളില്‍ എപ്പോഴും ദേശീയ പതാക ചേര്‍ത്തുപിടിച്ചു. ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയുമായി എതിരാളികള്‍ പ്രതിഷേധിച്ചതോടെ ബാലേന്ദ്രയുടെ ജനപ്രീതി വര്‍ധിച്ചു. ഫലമോ പ്രമുഖ നേതാക്കളെ കടത്തി വെട്ടി അറുപത്തിയൊന്നായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറി.
പരമ്പരാഗത രാഷ്ട്രീയശൈലി കണ്ടുമടുത്ത നേപ്പാളികള്‍ക്ക് ബാലേന്ദ്ര ഭാവിയുടെ വെളിച്ചമായി. 1990ല്‍ കാഠ്മണ്ഡുവിൽ ജനിച്ച ബാലേന്ദ്ര കര്‍ണാടകയിലെ വിശ്വേശ്വരയ്യ സാങ്കേതിക സര്‍വകലാശാലയില്‍ നിന്നാണ് സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയത്. മുപ്പത്തിയാറാം വയസില്‍ ബാലേന്ദ്ര പ്രധാനമന്ത്രിയാവുകയാണെങ്കില്‍ അത് നേപ്പാളിന്‍റെ ചരിത്രത്തിലെ പുതുയുഗ പിറവി ആകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam