'ഇത് മുഴുവൻ മിഡിൽ ഈസ്റ്റിനുമുള്ള സന്ദേശം', ഖത്തറിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തെ കുറിച്ച് നെസെറ്റ് സ്പീക്കർ

Published : Sep 10, 2025, 09:05 AM IST
"Message To All Of Middle East": Israeli Official's Big Warning

Synopsis

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം മുഴുവൻ മിഡിൽ ഈസ്റ്റിനുമുള്ള സന്ദേശമാണെന്ന് ഇസ്രയേൽ നെസെറ്റ് സ്പീക്കർ അമീർ ഓഹാന. 

ജറുസലേം: ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം മുഴുവൻ മിഡിൽ ഈസ്റ്റിനുമുള്ള സന്ദേശമാണെന്ന് ഇസ്രയേൽ നിയമ നിർമ്മാണ സഭയായ നെസെറ്റ് സ്പീക്കർ അമീർ ഓഹാന. സ്ഫോടനത്തിന്റെ വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് സ്പീക്കറുടെ പ്രസ്താവന.

ഇത് ആദ്യമായാണ് ഖത്തറിൽ ഇസ്രായേൽ സൈന്യം ഇത്തരമൊരു ഓപ്പറേഷൻ നടത്തുന്നത്. ഇസ്രായേൽ പ്രതിരോധ സേനയും സുരക്ഷാ ഏജൻസികളും സംയുക്തമായി നടത്തിയ നീക്കമാണിതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതിയോടെയാണ് ആക്രമണം നടന്നതെന്നാണ് ഇസ്രായേൽ മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ഇത് നിഷേധിച്ചു. ഇസ്രായേലാണ് ആക്രമണം നടത്തിയതെന്നും പൂർണ്ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചകളിൽ ഖത്തർ ഒരു മധ്യസ്ഥ രാഷ്ട്രമായി പ്രവർത്തിച്ചുവരികയായിരുന്നു. ഹമാസിന് വെടിനിർത്തലിന് ഡൊണാൾഡ് ട്രംപ് 'അവസാന മുന്നറിയിപ്പ്' നൽകിയ അതേ ആഴ്ചയാണ് ആക്രമണം നടന്നതെന്നും ശ്രദ്ധേയമാണ്. ആക്രമണത്തെ ഖത്തർ അപലപിച്ചു. ഭീരുപരമായ ഇസ്രായേൽ ആക്രമണമാണിതെന്നും, എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നയങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ-അൻസാരി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്