
ടെഹ്റാൻ: ഇസ്രായേൽ ചില നിബന്ധനകൾ പാലിച്ചാൽ വെടിനിർത്തൽ പരിഗണിക്കുമെന്ന് ഹിസ്ബുല്ലയുടെ പുതിയ നേതാവ് നയിം ഖാസിം. ഹിസ്ബുല്ലയ്ക്ക് മാസങ്ങളോളം ലെബനനിലെ ഇസ്രായേലിന്റെ വ്യോമ, കര ആക്രമണങ്ങളെ ചെറുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അധികാരമേറ്റതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസംഗത്തിൽ ഇസ്രായേലുമായി ചർച്ചകളിലൂടെയുള്ള പ്രശ്നപരിഹാരം കാണാൻ തയ്യാറാണെന്നും നയിം ഖാസിം വ്യക്തമാക്കി. ഹിസ്ബുല്ലയുടെ കോട്ടകളിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഖാസിമിൻ്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.
ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ തീരുമാനിച്ചാൽ ഹിസ്ബുല്ലയും അത് അംഗീകരിക്കാൻ തയ്യാറാണെന്ന് നയിം കാസിം പറഞ്ഞു. എന്നാൽ, ഹിസ്ബുല്ലയ്ക്ക് ഇതുവരെ വിശ്വസനീയമായ ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വരും മണിക്കൂറുകളിലോ ദിവസങ്ങളിലോ തന്നെ വെടിനിർത്തലിന് വഴിയൊരുങ്ങുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു. യുഎസ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5ന് മുമ്പായി വെടിനിർത്തൽ കരാറിൽ എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷയെന്നും നജീബ് മിക്കാറ്റി വ്യക്തമാക്കി.
തൻ്റെ മുൻഗാമിയായ ഹസൻ നസ്‌റല്ലയെ കഴിഞ്ഞ മാസം വ്യോമാക്രമണത്തിൽ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ തുടർന്ന് ഒക്ടോബർ 29നാണ് ഹിസ്ബുല്ലയുടെ നേതാവായി നയിം ഖാസിം ചുമതലയേറ്റത്. 71കാരനായ നയിം ഖാസിം ഹിസ്ബുല്ലയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. നസ്റല്ലയുടെ ബന്ധു കൂടിയായിരുന്ന ഹാഷിം സഫീദ്ദീനാണ് ഹിസ്ബുല്ലയുടെ തലപ്പത്ത് എത്താൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ, നസ്റല്ല കൊല്ലപ്പെട്ട് ഒരാഴ്ച മാത്രം പിന്നിട്ടപ്പോൾ ഇസ്രായേലിന്റെ ആക്രമണത്തിൽ സഫീദ്ദീനും കൊല്ലപ്പെട്ടതോടെയാണ് നയിം ഖാസിം ഹിസ്ബുല്ലയുടെ തലപ്പത്തേയ്ക്ക് എത്തിയത്.
READ MORE: കോഴിയെ പോലെ വസ്ത്രം ധരിച്ച പിഞ്ചുകുഞ്ഞിനെ 'കടിച്ചു'; ജോ ബൈഡന് വിമർശനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam