'20000 ആനകളെ അങ്ങോട്ട് അയക്കും, തമാശയല്ലിത്'; ജർമനിയോട് ബോട്‍സ്വാന, ഭീഷണി 'ട്രോഫി ഹണ്ടിംഗ്' തർക്കത്തിനിടെ

By Web TeamFirst Published Apr 4, 2024, 8:45 AM IST
Highlights

ജർമ്മൻകാരും ആനകൾക്കിടയിൽ ജീവിക്കാൻ പഠിക്കട്ടെയെന്നും ബോട്‍സ്വാന പ്രസിഡന്‍റ്

ഗാബറോണ്‍: ജർമനിയിലേക്ക് 20,000 ആനകളെ അയക്കുമെന്ന ഭീഷണിയുമായി ബോട്‍സ്വാന പ്രസിഡന്‍റ് മോക്‌വീറ്റ്‌സി മസിസി. നായാടി സ്വന്തമാക്കുന്ന (ഹണ്ടിങ് ട്രോഫി) മൃഗ ഭാഗങ്ങളുടെ ഇറക്കുമതിക്ക് ജർമനി കർശന നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ബോട്സ്വാന പ്രസിഡന്‍റിന്‍റെ പരാമർശം. ആനകളുടെ എണ്ണം കൂടുതലായതിനാൽ പൊറുതിമുട്ടുന്ന രാജ്യമാണ് ബോട്സ്വാന. ജർമ്മൻകാരും ആനകൾക്കിടയിൽ ജീവിക്കാൻ പഠിക്കട്ടെയെന്ന് ബോട്‍സ്വാന പ്രസിഡന്‍റ് പറഞ്ഞു. 1,30,000 ആനകളാണ് നിലവിൽ ബോട്സ്വാനയിലുള്ളത്.

ഈ വർഷം ആദ്യമാണ് ജർമ്മനിയിലെ പരിസ്ഥിതി മന്ത്രാലയം, മൃഗവേട്ടയുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ആനക്കൊമ്പ് ഉള്‍പ്പെടെ ഹണ്ടിങ് ട്രോഫി ഇറക്കുമതിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. ഭക്ഷണത്തിന് വേണ്ടിയല്ലാതെ കായിക വിനോദമെന്ന നിലയിൽ മൃഗങ്ങളെ വേട്ടയാടിയ ശേഷം മൃഗങ്ങളുടെ ശരീര ഭാഗങ്ങള്‍ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്നതിനെയാണ് ട്രോഫി ഹണ്ടിംഗ് എന്ന് പറയുന്നത്. ഇത്തരത്തിൽ ആഫ്രിക്കൻ ആനകളുടെ ട്രോഫി ഹണ്ടിംഗിന്‍റെ യൂറോപ്യൻ യൂണിയനിലെ മുഖ്യ ഇറക്കുമതിക്കാരാണ് ജർമ്മനിയെന്ന് ഹ്യൂമൻ സൊസൈറ്റി ഇൻ്റർനാഷണലിൻ്റെ 2021 ലെ റിപ്പോർട്ട് പറയുന്നു. ഇത് ആനകളുടെ ബാഹുല്യം കാരണം വലയുന്ന ബോട്സ്വാനയെ സംബന്ധിച്ച് തിരിച്ചടിയായി. 

ആനകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്നും ഇത് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് കാരണമായെന്നുമാണ് ബോട്‍സ്വാനയുടെ പരാതി. ആനക്കൂട്ടം ജനങ്ങളെ ആക്രമിക്കുന്നതും വീടുകളും വിളകളും നശിപ്പിക്കുന്നതും പതിവായി. ഇതിനുള്ള പരിഹാരമാണ് നായാട്ട് എന്നാണ് ബോട്സ്വാനയുടെ പക്ഷം. ലോകത്തിൽ ഏറ്റവും കൂടുതതൽ ആനകളുള്ള ബോട്സ്വാന, 2014ൽ ട്രോഫി ഹണ്ടിംഗ് നിരോധിച്ചിരുന്നു. എന്നാൽ പ്രാദേശിക വിഭാഗങ്ങളുടെ സമ്മർദത്തെ തുടർന്ന് 2019ൽ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. ഇപ്പോൾ വേട്ടയാടലിന് വാർഷിക ക്വാട്ടയുണ്ട്. 

ഭൂമിക്കടിയിൽ 700 കിലോമീറ്റർ താഴെ ഭീമൻ സമുദ്രം; ഇവിടെയുള്ളത് ഭൂമിയിലാകെയുള്ള സമുദ്ര ജലത്തിന്‍റെ മൂന്നിരട്ടി!

ബെർലിനിൽ ഇരുന്ന് ബോട്സ്വാനക്കാരുടെ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ വളരെ എളുപ്പമാണ്. ഈ മൃഗങ്ങളെ ലോകത്തിന് വേണ്ടി സംരക്ഷിച്ചതിൻ്റെ വിലയാണ് ഞങ്ങൾ നൽകുന്നതെന്ന് ബോട്സ്വാന പ്രസിഡന്‍റ് പറഞ്ഞു. ഇത് തമാശയല്ല. ജർമ്മൻകാർ ഞങ്ങളോട് പറയുന്നപോലെ മൃഗങ്ങൾക്കൊപ്പം ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആനകളുടെ എണ്ണം കൂടിയപ്പോള്‍  8,000 ആനകളെ അംഗോളയിലേക്കും 500 ആനകളെ മൊസാംബിക്കിലേക്കും അയയ്ക്കാമെന്ന് ബോട്സ്വാന വാഗ്ദാനം ചെയ്തിരുന്നു. ജർമ്മനിക്കും അത്തരമൊരു സമ്മാനം നൽകാൻ താൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ആനകളെ ഏറെ ഇഷ്ടമാണെങ്കിൽ, ഞങ്ങളുടെ ഈ സമ്മാനം സ്വീകരിക്കൂ എന്നും ബോട്സ്വാന പ്രസിഡന്‍റ് മസിസി പറഞ്ഞു. എന്നാൽ ഇത്തരത്തിലൊരു ആശങ്ക  ബോട്സ്വാന തങ്ങളെ നേരിട്ട് അറിയിച്ചിട്ടില്ല എന്നാണ് ജർമൻ പരിസ്ഥിതി മന്ത്രാലയം പ്രതികരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!