
ലോസാഞ്ചലസ്: കാലിഫോർണിയിയലെ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. ലോസ് ആഞ്ചലസിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഇത് വരെ 24 മരണമാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വീടുകൾ നശിച്ചു.12300 കെട്ടിടങ്ങൾ നശിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
അമേരിക്കൻ ചരിത്രത്തിലെ തന്നെ എറ്റവും വലിയ പ്രകൃതി ദുരന്തമെന്നാണ് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസ്കോം കാട്ടുതീയെക്കുറിച്ച് പ്രതികരിച്ചത്. പാലിസാഡസ് തീപ്പിടുത്തതിൽ ഇത് വരെ 23,713 ഏക്കർ കത്തി നശിച്ചു. ഈറ്റൺ തീപ്പിടുത്തം 14,117 ഏക്കർ കത്തിക്കഴിഞ്ഞു. വരണ്ട കാറ്റിന് ഇപ്പോൾ ശമനമുണ്ടെങ്കിലും ഉടൻ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ആറാം ദിവസവും ലോസാഞ്ചലസിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ബുധനാഴ്ചയോടെ വരണ്ട കാറ്റ് റെഡ് ഫ്ലാഗ് വിഭാഗത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. വരണ്ട കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വീശുമെന്നും 113 കിലോമീറ്റർ വേഗത വരെ വരണ്ട കാറ്റിന്റെ പരമാവധി വേഗതയെത്താമെന്നുമാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച ഏറ്റവും അപകടം നിറഞ്ഞ ദിവസമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴ് അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാണ് കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ പരിശ്രമിക്കുന്നത്. ഇതിനൊപ്പം കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും കാട്ടു തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങിൽ അഹോരാത്രം അമേരിക്കയ്ക്കൊപ്പമുണ്ട്.
വീശിയടിച്ച കാറ്റിൽ രൂപം കൊണ്ട് 'അഗ്നി ടൊർണാഡോ', നിയന്ത്രണ വിധേയമാകാതെ ലോസാഞ്ചലസിലെ കാട്ടുതീ
ഹെലികോപ്ടർ അടക്കമുള്ളവ ഉപയോഗിച്ചാണ് നിലവിൽ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. പസഫിക് സമുദ്രത്തിൽ നിന്നുമാണ് ജലം എത്തിക്കുന്നത്. ബ്രൻറ്വുഡ്, ലോസാഞ്ചലസിലെ മറ്റ് ജനവാസ മേഖലയിലേക്കും കാട്ടുതീ പടരുന്നത് അതീവ ആശങ്കയോടെയാണ് അധികൃതർ നിരീക്ഷിക്കുന്നത്. അതേസമയം ലോസാഞ്ചലസിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. കാട്ടുതീ ബാധിച്ച മേഖലയിലെ ഏഴ് സ്കൂളുകൾക്ക് മാത്രമാണ് നിലവിൽ അവധിയുള്ളത്. മേഖലയിലെ നഷ്ടം 150 ബില്യൺ ഡോളറിലേറെയെന്നാണ് പ്രാഥമിക സൂചനകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam