ആക്രമണ ഭീഷണിയില്‍ ശ്രീലങ്കയിലെ അഭയാര്‍ത്ഥികള്‍

By Web TeamFirst Published Apr 28, 2019, 7:09 PM IST
Highlights

ജോലിയില്‍നിന്നും താമസ സ്ഥലത്തുനിന്നും ഇവരെ പലരും പുറത്താക്കിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കൊളംബോ: ശ്രീലങ്കയിലെ അഭയാര്‍ത്ഥികള്‍ ആക്രമണ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ഈസ്റ്റര്‍ ദിനത്തെ ഭീകരാക്രമണത്തിന് ശേഷം ഇവര്‍ മാനസികമായും ശാരീരികമായും ആക്രമിക്കപ്പെടുകയാണ്. ജോലിയില്‍നിന്നും താമസ സ്ഥലത്തുനിന്നും ഇവരെ പലരും പുറത്താക്കിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ നെഗംബോയില്‍നിന്ന് പുറത്തെത്തിയ്ക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം കഴിഞ്ഞില്ല. നേരത്തെ അമ്ഹദിയ വിഭാഗത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. 

15 രാജ്യങ്ങളില്‍നിന്നായി 1600ഓളം പേരാണ് ശ്രീലങ്കയില്‍ അഭയാര്‍ത്ഥികളായി ജീവിയ്ക്കുന്നത്. ഇവരില്‍ ഏറെപ്പേരും പാകിസ്ഥാനില്‍നിന്നുള്ള ക്രിസ്ത്യാനികളാണ്. സ്വന്തം രാജ്യങ്ങളില്‍ ആക്രമണം നേരിട്ടവരാണ് അഭയാര്‍ത്ഥികളായി ശ്രീലങ്കയിലെത്തിയതെന്നും പടിഞ്ഞാറന്‍ തീരപ്രദേശമായ നെഗംബോയിലാണ് ഇവരില്‍ ഭൂരിപക്ഷവും ജീവിയ്ക്കുന്നതെന്ന് അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. 

യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇവര്‍ക്ക് സുരക്ഷയൊരുക്കണമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന് ശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളായ മുസ്ലിം സമൂഹവും ആക്രമണ ഭീഷണിയിലാണ്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണവുമുണ്ടായി. രാജ്യത്തെ മിക്ക മുസ്ലിം കുടുംബങ്ങളെയും നിരീക്ഷിക്കുകയും സംശയമുള്ളവരുടെ വീടുകളില്‍ സൈന്യം റെയ്ഡ് തുടരുകയാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കനത്ത പൊലീസ് സുരക്ഷയുമൊരുക്കിയിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയില്‍ ഏഴ് ശതമാനമാണ് മുസ്ലിങ്ങള്‍. 

click me!