കപ്പലുകൾക്ക് 18 കോടി വീതം; ഹോർമുസ് കടക്കാൻ ഇറാൻ വൻ ട്രാൻസിറ്റ് ഫീ ഈടാക്കുമെന്ന് റിപ്പോർട്ട്

Published : Mar 23, 2026, 12:28 PM IST
Strait of Hormuz

Synopsis

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ 2 മില്യൺ ഡോളർ വരെ ഈടാക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുമെന്ന് റിപ്പോർട്ട്. 2 മില്യൺ ഡോളർ വരെ (ഏകദേശം 18.8 കോടി രൂപ) കപ്പലുകൾക്ക് ഈടാക്കാൻ ഇറാൻ തീരുമാനിച്ചെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇറാൻ ഇന്‍റർനാഷണൽ' റിപ്പോർട്ട് ചെയ്തു. ഇറാൻ പാർലമെന്‍റിന്‍റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാവുദ്ദീൻ ബോറൂജെർഡി ഐആർഐബിയോട് ഇക്കാര്യം പറഞ്ഞെന്നാണ് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൺ ഡോളർ ട്രാൻസിറ്റ് ഫീസായി ഈടാക്കുന്നത് ഇറാന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അലാവുദ്ദീൻ ബോറൂജെർഡി പറഞ്ഞെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ഹോർമുസ് കടലിടുക്കിൽ ഒരു പുതിയ 'പരമാധികാര ഭരണകൂടം' എന്നും പുതിയ നീക്കത്തെ ബൊറൂജെർഡി വിശേഷിപ്പിച്ചു. എന്നാൽ ഇക്കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

"യുദ്ധത്തിന് ചെലവുകൾ ഉള്ളതിനാൽ, സ്വാഭാവികമായും നമ്മൾ ഇത് ചെയ്യണം. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് വാങ്ങണം. ഈ നീക്കം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അധികാരത്തെ കാണിക്കുന്നു" എന്ന് ബൊറൂജെർഡി പറഞ്ഞതായി ഇറാൻ ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്തു.

ട്രംപിന്‍റെ അന്ത്യശാസനം

ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണമെന്ന് ഇറാന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. ഇല്ലെങ്കിൽ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ഭീഷണി. ഇറാന്റെ ഇന്ധന, ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ യുഎസിന്റെ എല്ലാ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ സൈന്യം അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്ന തിനെക്കുറിച്ച് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഭീഷണി എന്നതാണ് ശ്രദ്ധേയം. വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇറാൻ നൽകിയ മറുപടി അങ്ങനെ സംഭവിച്ചാൽ ഹോർമുസ് കടലിടുക്ക് ഉടൻ പൂർണ്ണമായും അടച്ചുപൂട്ടും എന്നാണ്. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം നാലാം ആഴ്ചയും തുടരുകയാണ്

ഹോർമുസ് അടച്ചിട്ടില്ലെന്ന് ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും കപ്പൽ ഗതാഗതം നിലച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. കപ്പൽ ഗതാഗതം നിയന്ത്രിച്ചത് പ്രതിരോധം എന്ന നിലയിൽ മാത്രമാണ്. ഇറാനെ ആക്രമിക്കുന്ന ശത്രു പക്ഷത്തുള്ളവർക്ക് മാത്രമാണ് വിലക്ക്. അമേരിക്കയെയും ഇസ്രയേലിനെയും അനുവദിക്കില്ല. കൂടുതൽ അപകടം ഒഴിവാക്കാൻ കൂടിയാണ് നിയന്ത്രണം. ഇറാന്റെ നിർദേശങ്ങൾ അനുസരിക്കുന്നവർക്ക് കടന്നുപോകാം. ഇതിനെല്ലാം ഉത്തരവാദികൾ അമേരിക്കയും ഇസ്രയേലുമാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലാൻഡിഗിനിടെ വിമാനം വിമാനത്താവളത്തിലെ വാഹനത്തിലിടിച്ച് അപകടം, നിരവധിപ്പേർക്ക് പരിക്ക്
ഇറാൻ യുദ്ധത്തിനിടെ അഫ്ഗാൻ അക്രമിച്ച് പാകിസ്ഥാൻ; ഏഷ്യയിൽ പുതിയ രാഷ്ട്രീയ തന്ത്രം?