'ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധത്തെ ബഹുമാനിക്കുന്നു, പക്ഷേ...'; പുടിനോട് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

Published : Sep 03, 2025, 02:50 AM IST
Shehbaz Sharif meeting with Vladimir Putin

Synopsis

ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടി കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് ഷഹബാസ് ഷെരീഫ് ഇന്ത്യയെ പരാമർശിച്ചത്.

ബീജിങ്: പിന്തുണയ്ക്കും ദക്ഷിണേഷ്യൻ മേഖലയിലെ റഷ്യയുടെ സമതുലിതമായ നിലപാടിനും നന്ദി അറിയിച്ച് പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ബീജിങിൽ വെച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കണ്ടപ്പോഴാണ് നന്ദി പ്രകാശിപ്പിച്ചത്. 'ഇന്ത്യയുമായുള്ള നിങ്ങളുടെ ബന്ധത്തെ ഞങ്ങൾ ബഹുമാനിക്കുന്നു'വെന്ന് പറഞ്ഞ ഷഹബാസ് ഷെരീഫ്, 'ഞങ്ങൾക്കും റഷ്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ താൽപ്പര്യമുണ്ട്' എന്ന് അറിയിച്ചു. ഷഹബാസ് ഷെരീഫ് ഇത് പറഞ്ഞപ്പോൾ പുടിൻ തലയാട്ടി. പുടിൻ വളരെ ഊർജ്ജസ്വലനായ നേതാവാണെന്നും ഷെരീഫ് പ്രശംസിച്ചു.

ഇന്ത്യ പതിറ്റാണ്ടുകളായുള്ള റഷ്യൻ സൌഹൃദം ഊട്ടിയുറപ്പിച്ച സമയത്താണ് പാകിസ്ഥാനും റഷ്യയുമായി കൂടുതൽ അടക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. ഇന്ത്യ ചൈനയുമായുള്ള ബന്ധവും മെച്ചപ്പെടുത്തുകയാണ്. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കതിരെ തീരുവ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ ട്രംപ്, പിന്നാലെ അധിക തീരുവ ഇന്ത്യയ്ക്കുമേൽ ചുമത്തുകയും ചെയ്തു.

ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടി കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് ഷഹബാസ് ഷെരീഫ് ഇന്ത്യയെ പരാമർശിച്ചത്. ഈ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ നയതന്ത്ര വിജയം നേടിയിരുന്നു. 10 അംഗരാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനത്തിൽ, പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ഭീകരതയ്‌ക്കെതിരായ രേഖയിൽ പാകിസ്ഥാന്റെ പേര് പരാമർശിച്ചില്ലെങ്കിലും സന്ദേശം വ്യക്തമായിരുന്നു.

അതേസമയം പാകിസ്ഥാന് ചൈനയുമായി ശക്തമായ ബന്ധമുണ്ട്. ഇന്ന് നടക്കുന്ന പ്രധാന സൈനിക പരേഡിൽ പങ്കെടുക്കാൻ പുടിനും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും ഉൾപ്പെടെ 25ലേറെ ലോക നേതാക്കൾക്കൊപ്പം ഷഹബാസ് ഷെരീഫും ബീജിംഗിലുണ്ട്. നേരത്തെ പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്