
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം പശ്ചിമേഷ്യയില്‍ പുകയുന്ന പശ്ചാത്തലത്തില്‍, ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പല ഇന്ത്യക്കാരും നാട്ടിലേക്ക് താല്‍ക്കാലികമായോ സ്ഥിരമായോ മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായി നാട്ടിലെത്തുമ്പോള്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഇന്ത്യയിലെ ആദായനികുതി നിയമങ്ങള്‍. ഇന്ത്യയില്‍ താമസിക്കുന്ന ദിവസങ്ങളുടെ എണ്ണം കൂടിയാല്‍ 'എന്‍ആര്‍ഐ' പദവി നഷ്ടപ്പെടാനും നികുതി ബാധ്യത കൂടാനും സാധ്യതയുണ്ട്.
ഇന്ത്യന്‍ നിയമപ്രകാരം ഒരാള്‍ നികുതി നല്‍കേണ്ടത് അദ്ദേഹം ആ സാമ്പത്തിക വര്‍ഷം എത്ര ദിവസം ഇന്ത്യയില്‍ താമസിച്ചു എന്നതിനെ ആശ്രയിച്ചാണ്. ഇതിനെ പ്രധാനമായും രണ്ട് രീതിയില്‍ തിരിക്കാം. ഒരു സാമ്പത്തിക വര്‍ഷം (ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ) 182 ദിവസമോ അതിലധികമോ ഇന്ത്യയില്‍ താമസിച്ചാല്‍ നികുതി നിയമപ്രകാരം 'ഇന്ത്യന്‍ റസിഡന്റ്' ആയി മാറും. അല്ലെങ്കില്‍, ഒരു വര്‍ഷം 60 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ നില്‍ക്കുകയും, അതിന് തൊട്ടുമുമ്പുള്ള നാല് വര്‍ഷങ്ങളില്‍ ആകെ 365 ദിവസമോ അതിലധികമോ ഇന്ത്യയില്‍ ഉണ്ടാവുകയും ചെയ്താലും റസിഡന്റ് പദവി ലഭിക്കാം.
ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും സന്ദര്‍ശനത്തിനായി നാട്ടിലെത്തുമ്പോള്‍ സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കുന്നുണ്ട്. ഇവര്‍ക്ക് മുകളില്‍ പറഞ്ഞ 60 ദിവസത്തെ പരിധി ബാധകമല്ല. പകരം 182 ദിവസം വരെ നാട്ടില്‍ തങ്ങിയാലും എന്‍ആര്‍ഐ പദവി നിലനിര്‍ത്താം.
15 ലക്ഷത്തിന് മുകളില്‍ വരുമാനമുണ്ടെങ്കില്‍ ജാഗ്രത!
എന്നാല്‍ എല്ലാവര്‍ക്കും ഈ 182 ദിവസത്തെ ഇളവ് ലഭിക്കില്ല. ഇന്ത്യയില്‍ നിന്ന് (വാടക, ബിസിനസ്സ്, മറ്റ് നിക്ഷേപങ്ങള്‍ വഴി) വര്‍ഷം 15 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള പ്രവാസികള്‍ക്ക് ഈ പരിധി 120 ദിവസമായി ചുരുങ്ങും. അതായത്, 15 ലക്ഷത്തിന് മുകളില്‍ ഇന്ത്യന്‍ വരുമാനമുള്ള ഒരാള്‍ 120 ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ നിന്നാല്‍ പദവി മാറും.
എന്താണ് ആര്‍എന്‍ഒആര്‍ പദവി?
120 ദിവസ പരിധി കഴിഞ്ഞ് നാട്ടില്‍ നില്‍ക്കേണ്ടി വരുന്നവര്‍ 'റസിഡന്റ് ബട്ട് നോട്ട് ഓര്‍ഡിനറിലി റസിഡന്റ്' എന്ന വിഭാഗത്തിലേക്ക് മാറും. ഈ പദവി ലഭിക്കുന്നവര്‍ക്ക് ഒരു ആശ്വാസമുണ്ട്. അവരുടെ വിദേശത്തെ വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടി വരില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിന് കൃത്യമായി നികുതി നല്‍കണം. ഇന്ത്യയില്‍ താമസിക്കുന്ന ഓരോ ദിവസവും കൃത്യമായി കണക്കാക്കേണ്ടത് പ്രധാനമാണ്. യാത്ര ചെയ്യുന്ന ദിവസത്തിന്റെ ഒരു ഭാഗം പോലും ഒരു മുഴുവന്‍ ദിവസമായിട്ടാണ് നികുതി നിയമം കണക്കാക്കുന്നത്.
പ്രവാസികള്‍ ശ്രദ്ധിക്കാന്‍:
യാത്രാ രേഖകള്‍ സൂക്ഷിക്കുക: പാസ്പോര്‍ട്ടിലെ സ്റ്റാമ്പുകളും യാത്രാ തീയതികളും കൃത്യമായി രേഖപ്പെടുത്തി വെക്കുക.
ദിവസങ്ങള്‍ നോക്കുക: സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന ദിവസങ്ങള്‍ 120 അല്ലെങ്കില്‍ 182 കടക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
ആഗോള വരുമാനം: റസിഡന്റ് പദവിയിലേക്ക് മാറിയാല്‍ നിങ്ങളുടെ വിദേശത്തെ വരുമാനത്തിനും ഇന്ത്യയില്‍ നികുതി നല്‍കേണ്ടി വന്നേക്കാം
യുദ്ധസാഹചര്യമോ മറ്റ് കാരണങ്ങളോ മൂലം നാട്ടിലെ താമസം അപ്രതീക്ഷിതമായി നീളുകയാണെങ്കില്‍, നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് അപ്രതീക്ഷിത തിരിച്ചടികള്‍ ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ കൃത്യമായ പ്ലാനിംഗ് നടത്തണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam